കൊച്ചി: സിറോ മലബാർ സഭാ ഭൂമി ഇടപാട് കേസിൽ വൈദികരെ എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. എറണാകുളം- അങ്കമാലി അതിരൂപത മോൺസിഞ്ഞോറായിരുന്ന ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടനെയാണ് ഇഡി ചോദ്യം ചെയ്യുന്നത്. മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിന്റെ പേരിലാണ് ഇഡി അന്വേഷണം തുടങ്ങിയിരിക്കുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മോൺസിഞ്ഞോറായിരുന്ന ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ, മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവ എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്.
വിവാദമായ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിൽ, പരാതിക്കാരന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു. കേസിൽ ആകെ 24 പ്രതികളാണുള്ളത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവരെ പ്രതികളാക്കിയാണ് ഇഡി കേസെടുത്തിരിക്കുന്നത്.
സഭയുടെ അധീനയിലുണ്ടായിരുന്ന ഭൂമി ഇടനിലക്കാരനായ സാജു വർഗീസ് മറിച്ചുവിൽക്കുകയായിരുന്നു. മറിച്ചുവിൽക്കുമ്പോൾ യഥാർത്ഥ വിലയല്ല അധാരത്തിൽ കാണിച്ചതെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തുകയും 3.5 കോടി രൂപ പിഴയടക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീടും ഇത് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇഡി കേസ് ഏറ്റെടുത്തത്.
Content Highlights:Land transaction in Syro-Malabar Church: ED questions the Priests