ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവാൻ ബി.ജെ.പി സമീപിച്ചിരുന്നതായി മുൻ ഇടതുപക്ഷ സ്വതന്ത്ര എം.പി ഡോ. സെബാസ്റ്റിയൻ പോൾ. തോറ്റാൽ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറങ്ങുന്ന എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യൻ പോളിന്റെ തുറന്നു പറച്ചിൽ. ഐക്യമുന്നണി, യു.പി.എ സർക്കാരുകളുടെ കാലത്ത് കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്കും തന്റെ പേരുയർന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.
പുസ്തകത്തിൽ പറയുന്നതിങ്ങനെ:
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം എന്ന സ്ഥാനാർഥിയായി പരിഗണിച്ചില്ല. ഞാൻ ആവശ്യപ്പെട്ടതുമില്ല. പക്ഷെ, മത്സരിക്കുന്നതിനു ബി.ജെ.പിയിൽ നിന്ന് ഓഫർ വന്നു. ഓഫർ നിരസിച്ചപ്പോൾ ദൂതൻ പറഞ്ഞു. റിസൽട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാൽ രാജ്യസഭ തരാം. ഓഫർ സ്വീകരിച്ചാൽ ആറു വർഷം കഴിഞ്ഞ് എക്സ് എം.പിയാകും. ഞാൻ പറഞ്ഞു. ഇപ്പോൾ തന്നെ അതാണല്ലോ
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ ഓഫർ ഉണ്ടായിരുന്നു. ഓഫറുകൾ ആകർഷകമാണ്. അവ സ്വീകരിക്കുന്നവർ സമർഥരും. എന്നാൽ, അവസരങ്ങളേക്കാൾ വലുതാണ് നിലപാടുകൾ.
മന്ത്രിപദ വാഗ്ദാനങ്ങളെപ്പറ്റി:
മന്ത്രിസഭയിൽ ചേരാതെ ഐക്യമുന്നണി സർക്കാറിന് സി.പി.എം പിന്തുണ കൊടുക്കുന്ന കാലത്താണ് ഞാൻ പാർലമെന്റിലെത്തിയത്. പ്രധാനമന്ത്രിയാവാനുള്ള ഓഫർ സ്വീകരിക്കാതെ പാർട്ടി പുറത്തു നിന്ന് മറ്റൊരു പ്രധാനമന്ത്രിയെപിന്തുണയ്ക്കുന്ന കാലം. മന്ത്രിസഭയിൽ ആളില്ലാത്തതിന്റെ പ്രയാസം പാർട്ടിക്കുണ്ടായിരുന്നു. കാര്യങ്ങൾ അറിയിക്കാനും അറിയാനും കഴിയാത്ത അവസ്ഥ. സ്വതന്ത്രനായ എന്നെ സി.പി.എം നോമിനിയായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ശ്രുതിയുണ്ടായി. സഭയുടെ കാലാവധി പൊടുന്നനെ അവസാനിച്ചില്ലായിരുന്നെങ്കിൽ അതു ചിലപ്പോൾ സംഭവിക്കുമായിരുന്നു.
ഞാൻ നിയമസഭയിൽ എത്തിയപ്പോഴും ചുവന്ന ലൈറ്റിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നു. ആലപ്പുഴയിൽ ടി.ജെ. ആഞ്ജലോസിനെ പുറത്താക്കിയതിനു ശേഷം ലത്തീൻ കത്തോലിക്കരെ അടുപ്പിച്ചു നിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി മന്ത്രിസഭയിലേക്ക് എന്നെ പരിഗണിച്ചേയ്ക്കുമെന്ന് പത്രവാർത്തയുണ്ടായി. പ്രാതിനിധ്യമില്ലാതെ ഇടതുപക്ഷം പിന്തുണ മാത്രം നൽകിയ യു.പി.എ കാലത്തും ചില സാധ്യതകൾ തെളിയുന്നതായി മന്ത്രിസഭയിൽ ഉണ്ടായിരുന്ന പി.എം.സെയ്ദ് പറഞ്ഞതായി മാധ്യമകാര്യ സെക്രട്ടറി സുധീർനാഥ് പറഞ്ഞു. പൊടുന്നനെ ബന്ധം ഉലയുകയും യു.പി.എ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിക്കുകയും ചെയ്തതോടെ സാധ്യത അവസാനിച്ചു.
കരുണാകരൻ വീണില്ലായിരുന്നെങ്കിൽ ജഡ്ജി:
കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുരുവായൂരിൽ വെച്ച് ദണ്ഡപാണിയോട് ജഡ്ജിയാക്കാൻ ഒരു ലത്തീൻകാരനെ ആവശ്യമുണ്ടെന്നു പറഞ്ഞു. ദണ്ഡപാണി എന്റെ പേര് പറഞ്ഞതിനു ശേഷം കൂട്ടിച്ചേർത്തു. പക്ഷെ,അയാൾ നിങ്ങളുടെ ആളല്ല. വക്കീലായാൽ മതിയെന്നായിരുന്നു കരുണാകരന്റെ മറുപടി. അന്നുവരെ കേരള ഹൈക്കോടതിയിൽ ലത്തീൻ സമുദായത്തിൽ നിന്ന് ജഡ്ജി ഉണ്ടായിട്ടില്ല. സമുദായത്തിന് പ്രാതിനിധ്യം വേണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും വരാപ്പുഴ അതിരൂപതയും സമ്മർദ്ദം ചെലുത്തുന്ന കാലം. 1996ലെ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ സമുദായത്തെ പ്രീണിപ്പിക്കുകയെന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. കൊളീജിയം സമ്പ്രദായം ആയിക്കഴിഞ്ഞിരുന്നെങ്കിലും കരുണാകരനെപ്പോലെ ഒരു മുഖ്യമന്ത്രിക്ക് താല്പര്യമുള്ള പേര് അവിടെയെത്തിക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. പക്ഷെ, എന്റെ ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയാൻ കഴിയാത്ത വിധം അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിച്ചു. ഐ.എസ്.ആർ.ഒ ചാരക്കേസ് ഉയർത്തിയ പ്രക്ഷുബ്ധതയിൽ കാര്യങ്ങളൊക്കെ മങ്ങുകയും ചതിയന്മാരായ സഹപ്രവർത്തകരുടെ ഉപജാപങ്ങളിൽപ്പെട്ട് 1995 മാർച്ചിൽ കരുണാകരൻ രാജിവെയ്ക്കുകയും ചെയ്തു. തുടർന്ന്, എന്റെ വഴി വ്യത്യസ്തമായി. 1997ൽ ഞാൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ, ജഡ്ജി എന്ന മോഹം അവസാനിച്ചു. ചാരക്കേസ് ഉയർത്തിയ പ്രക്ഷുബ്ധതയിൽ കരുണാകരൻ അനുയായികളാൽ ക്രൂരമായി ഗളഹസ്തം ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ ഒരുപക്ഷെ, ഞാൻ ജഡ്ജിയാവുമായിരുന്നു.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം തഴയപ്പെട്ടതിനെക്കുറിച്ചുള്ള വേദനകളും സെബാസ്റ്റ്യൻ പോൾ പുസ്തകത്തിൽ പങ്കുവെയ്ക്കുന്നു. അതേസമയം, സി.പി.എം തഴഞ്ഞതിലെ കാരണം ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം പറയുന്നു.
2009ൽ സ്ഥാനാർഥിയാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നിർണായക പി.ബി യോഗം കഴിഞ്ഞു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മടങ്ങിയ വിമാനത്തിൽ അടുത്ത സീറ്റിൽ താൻ ഇരിക്കുന്നുണ്ടായിരുന്നു. മൂന്നു നാലു മണിക്കൂർ അടുത്തു കിട്ടിയിട്ടും സ്ഥാനാർഥിത്വത്തെക്കുറിച്ച് പിണറായിയോട് ഒന്നും ചോദിച്ചില്ല. – പുസ്തകത്തിൽ പോൾ ഇങ്ങനെ പരാമർശിച്ചു.