തിരുവനന്തപുരം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന മലയാള സിനിമാ മേഖലയെ തകർക്കാൻ കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം യൂത്ത്കോൺഗ്രസ് നടത്തുന്ന സംഘടിതശ്രമം അവസാനിപ്പിക്കണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു.
ജോജു ജോർജ് എന്ന നടൻ ജനാധിപത്യപരമായി തന്റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ആക്രമണപാത സ്വീകരിക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിനുശേഷം നിലതെറ്റിയ കോൺഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽ മേഖലയോടും കലാപ പ്രഖ്യാപനം നടത്തുകയാണ്. ഇത് അപലപനീയമാണ്.
യൂത്ത്കോൺഗ്രസ് നടത്തുന്ന പ്രതികാര സമരത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ ചിത്രീകരണം തുടരുന്ന ‘കടുവ’ എന്ന സിനിമയുടെയും കോലഞ്ചേരിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘കീടം’ എന്ന സിനിമയുടെയും ചിത്രീകരണം തടസ്സപ്പെടുത്തി. ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. ഇത് നിർവഹിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.