കൊച്ചി
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ യൂത്ത് കോൺഗ്രസുകാരായ രണ്ടു പ്രതികൾകൂടി കീഴടങ്ങി. പ്രതിയായതോടെ ജില്ലവിട്ട് ഒളിവിൽ കഴിയുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് ചൊവ്വാഴ്ച കീഴടങ്ങിയത്. മൊബൈൽഫോൺ സ്വിച്ച് ഓഫാക്കി കീഴടങ്ങാൻ കൂട്ടാക്കാതെ ഒളിവിലായിരുന്ന ഇവർ, നേതാക്കളുടെ കടുത്ത സമ്മർദത്തിലാണ് സ്റ്റേഷനിൽ ഹാജരായത്. ഇതോടെ ജോജുവിന്റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ എട്ടു പ്രതികളും അറസ്റ്റിലായി.
ഒന്നാംപ്രതി ടോണി ചമ്മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജർജസ് ജേക്കബ്, ജോസഫ് മാളിയേക്കൽ എന്നിവർ തിങ്കളാഴ്ച കീഴടങ്ങിയിരുന്നു. ഐഎൻടിയുസി നേതാക്കളായ പി ജി ജോസഫ്, ഷെരീഫ് വാഴക്കാല എന്നിവരാണ് ആദ്യം അറസ്റ്റിലായത്. എല്ലാവരും കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.
പി വൈ ഷാജഹാനും അരുൺ വർഗീസും കീഴടങ്ങാൻ തയ്യാറാകാതിരുന്നത് ഡിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. എല്ലാ പ്രതികളും അറസ്റ്റിലാകാത്തതിനാലാണ് പി ജി ജോസഫിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയത്. ജോജുവിന്റെ കാർ ആക്രമിച്ച ദിവസംമുതൽ ജില്ലയ്ക്കുപുറത്ത് ഒളികേന്ദ്രങ്ങളിൽ കഴിയുകയായിരുന്നു ഇരുവരും.
ജോജുവിന്
റീത്ത് വച്ച്
യൂത്ത് കോൺഗ്രസ്
കഴിഞ്ഞ ദിവസം ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്, ചൊവ്വാഴ്ച ജോജു ജോർജിന്റെ ചിത്രമുള്ള പോസ്റ്ററിൽ റീത്ത് വച്ചു. എറണാകുളം ഷേണായീസ് തിയറ്ററിനുമുന്നിലിരുന്ന പോസ്റ്ററിലാണ് റീത്ത് വച്ചത്. ജോജു അഭിനയിച്ച ചിത്രത്തിന്റെ പോസ്റ്റർ നീക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജോജുവിനെ പിന്തുണച്ച് ആഷിഖ് അബു
ദേശീയപാത ഉപരോധത്തിനിടെയുണ്ടായ ആക്രമണത്തിനുശേഷവും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഇരയാകുന്ന നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പിന്തുണ. ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’ എന്ന കുറിപ്പോടെയാണ് ആഷിഖ് അബു തന്റെ സമൂഹമാധ്യമ പേജിൽ ജോജുവിന് പിന്തുണ അറിയിച്ചത്.