കണ്ണൂർ
എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാമത് പുരസ്കാരം കണ്ണൂരിൽ നടന്ന ചടങ്ങിൽ ഡൽഹി കർഷകസമര കൂട്ടായ്മക്ക് സമ്മാനിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനിൽനിന്ന് സംയുക്ത കിസാൻ മോർച്ച കോ–-ഓഡിനേഷൻ കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻസഭ ജനറൽ സെക്രട്ടറിയുമായ ഹനൻമൊള്ളയാണ് ഒരു ലക്ഷം രൂപയും ശിൽപ്പവുമടങ്ങുന്ന പുരസ്കാരം ഏറ്റുവാങ്ങിയത്. സമ്മാനത്തുക സംയുക്ത കിസാൻ മോർച്ചയുടെ പ്രവർത്തനഫണ്ടിലേക്കാണ് നൽകിയത്. 2020ലെ എം വി ആർ പുരസ്കാരം മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിനും കൈമാറി.
എം വി ആർ ട്രസ്റ്റ് ചെയർമാൻ പാട്യം രാജൻ അധ്യക്ഷനായി. ‘ഇന്ത്യ എങ്ങോട്ട്’ വിഷയത്തിൽ നടന്ന പൊതുസമ്മേളനം എ വിജയരാഘൻ ഉദ്ഘാടനംചെയ്തു. എം വി നികേഷ്കുമാർ വിഷയം അവതരിപ്പിച്ചു. ഹനൻമൊള്ള, തോമസ് ഐസക്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ, ടി സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സി വി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ നേതാക്കളും എം വി ആറിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു.