ന്യൂഡൽഹി
മുല്ലപ്പെരിയാറിൽ ഉയർന്ന ജലനിരപ്പ് നിലനിർത്തിയാൽ അത് മഹാവിപത്തിന് കാരണമായേക്കാമെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചു. കനത്തമഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുതിച്ചുയർന്നാൽ ഇതിനോടകം നിറഞ്ഞിരിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ പ്രവർത്തനത്തെ ബാധിക്കും. അണക്കെട്ടിന്റെ പ്രവർത്തനങ്ങളിൽ പാളിച്ചയുണ്ടായാൽ മഹാവിപത്താകും. 50 ലക്ഷത്തോളം ആളുകളുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാകും.
വർഷകാലത്തിന്റെ അവസാനസമയം ഇടുക്കി, ഇടമലയാർ, കക്കി ഡാമുകളിൽ ഉയർന്ന ജലനിരപ്പിൽ ജലം നിലനിർത്താൻ ഒറ്റ അവസരം (നവംബർ 30) മാത്രമാണ് കേന്ദ്രജലകമീഷൻ നൽകിയിട്ടുള്ളതെന്ന് കേരളം ചൂണ്ടിക്കാണിച്ചു. എന്നാൽ, മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ രണ്ട് അവസരം (സെപ്തംബർ 20, നവംബർ 30) നൽകിയിട്ടുണ്ട്.
വർഷകാലത്ത് മുല്ലപ്പെരിയാറിലും ഉയർന്ന ജലനിരപ്പ് നിലനിർത്താൻ ഒറ്റ അവസരം നൽകിയാൽ മതിയെന്നും കേരളം ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ സെപ്തംബർ 20ന് ഉയർന്ന ജലനിരപ്പ് 142 അടിയാക്കാമെന്ന തമിഴ്നാടിന്റെ റൂൾകർവിലെ ശുപാർശ ഒഴിവാക്കണം. വലിയ അണക്കെട്ടുകളുടെ സുരക്ഷയ്ക്കായുള്ള കേന്ദ്രജലകമീഷന്റെ ഇൻസ്ട്രുമെന്റേഷൻ മാർഗനിർദേശം കർശനമായി പാലിക്കാൻ തമിഴ്നാടിന് ഉത്തരവാദിത്വമുണ്ട്.
ഒക്ടോബർ 31ന് രാത്രി 11ന് 138.55 അടിയായിരുന്നു ജലനിരപ്പെന്ന് കേരളം അറിയിച്ചു. തമിഴ്നാടിന്റെ റൂൾകർവ് പ്രകാരമുള്ള ഉയർന്ന ജലനിരപ്പിനേക്കാൾ കൂടുതലായിരുന്നു ഇത്. കോടതി വിധിയുടെ ലംഘനമാണിതെന്നും കേരളം ചൂണ്ടിക്കാട്ടി.