ഭോപാൽ
മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. തിങ്കൾ രാത്രിയാണ് കമല നെഹ്റു കുട്ടികൾക്കുള്ള ആശുപത്രിയിലെ മൂന്നാംനിലയിലുള്ള പ്രത്യേക പരിചരണവിഭാഗത്തിൽ തീപടർന്നത്. അഗ്നിശമന സേനയെത്തി ഉടൻ തീയണച്ചു. കുഞ്ഞുങ്ങളെ മറ്റ് വാർഡുകളിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ നാലുപേരെ രക്ഷപ്പെടുത്താനായില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് നാലു ലക്ഷംവീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും.