ബീജിങ്
ജനകീയവിപ്ലവ ചൈന കടന്നുവന്ന വഴികളും കൈവരിച്ച നേട്ടങ്ങളും പുനരവലോകനം ചെയ്ത് ഭാവിയിലേക്കുള്ള കുതിപ്പിന് ഊർജം പകരാനാണ് ബീജിങ്ങിൽ തുടരുന്ന സിപിസി ആറാം പ്ലീനം ലക്ഷ്യമിടുന്നത്. ജനറൽ സെക്രട്ടറി ഷി ജിൻപിങ് അവതരിപ്പിച്ച കരട് പ്രമേയത്തിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. നൂറ്റാണ്ട് പിന്നിട്ട യാത്രയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ മഹത്തായ നേട്ടങ്ങളും ചരിത്രപരമായ അനുഭവങ്ങളും വിലയിരുത്തുന്നതാണ് കരട് റിപ്പോർട്ട്. ജനകീയ ചൈന സ്ഥാപിതമായതിന്റെ ശതാബ്ദി ആഘോഷം 2049ൽ നടക്കുമ്പോൾ ചൈന എത്തിച്ചേരേണ്ട ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിശദമായ രൂപരേഖയാണ് തയ്യാറാക്കിത്. സുദീർഘമായ ചർച്ചയിലൂടെ ഇത്തരത്തിൽ കരട് റിപ്പോർട്ട് തയ്യാറാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള വിശദീകരണവും ആമുഖ പ്രഭാഷണത്തിൽ ഷി ജിൻപിങ് നൽകി.
ഇവ മുൻനിർത്തിയുള്ള വിശദമായ ചർച്ചയാണ് പ്ലീനത്തിൽ നടക്കുന്നത്. ജനകീയ ചൈനയിലെ എല്ലാ വംശീയവിഭാഗങ്ങളെയും ഒറ്റക്കെട്ടായി നയിച്ച് നൂറുവർഷത്തിനിടെ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സിപിസിക്ക് കഴിഞ്ഞെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആധുനികകാലത്തിന്റെ ആവിർഭാവഘട്ടംവരെ അടിച്ചമർത്തപ്പെട്ട് കഴിഞ്ഞ ചൈനീസ് ജനതയ്ക്ക് തല ഉയർത്തിപ്പിടിച്ച് നിൽക്കാനായി. സമസ്ഥമേഖലയിലും ചൈന ആധുനികതയെ വരിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ജനത അധിവസിക്കുന്ന രാഷ്ട്രത്തിൽ സോഷ്യലിസം ദീപ്തമായ അടയാളചിഹ്നമായി നിലകൊള്ളുന്നു. തടസ്സങ്ങൾ സ്വാഭാവികമായി കരകയറി കാലഘട്ടത്തിനൊപ്പം മുന്നേറി. പ്രകാശമാനമായ പുനരുജ്ജീവനത്തിലേക്ക് ചൈന പ്രവേശിക്കുകയാണെന്നും കരട് റിപ്പോർട്ടിൽ വിലയിരുത്തുന്നു.
ചൈനയുടെ മുന്നേറ്റത്തിൽ മൗ സെ ദൊങ്, ദെങ് സിയാവോ പിങ്, ജിയാങ് സെമിൻ, ഹു ജിന്താവോ എന്നീ നേതാക്കളുടെ മുഖ്യപങ്കാളിത്തെ റിപ്പോർട്ട് അടിവരയിടുന്നു. 2012ലെ 18–ാം പാർടി കോൺഗ്രസിനുശേഷം ഷി ജിൻപിങ്ങിന്റെ നേതൃത്വത്തിൽ സിപിസി കേന്ദ്രകമ്മിറ്റി പുത്തൻ ഊർജത്തോടെ മുന്നോട്ട് കുതിക്കുകയും അതിനിർണായക നേട്ടം കരസ്ഥമാക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയും ചെയ്തെന്നും ചൂണ്ടിക്കാട്ടുന്നു. ചൈനീസ് സ്വഭാവ പ്രത്യേകതകളോടുകൂടിയ സോഷ്യലിസം അതിന്റെ അനിവാര്യത പ്രകടമാക്കി. പാർടിയും സൈന്യവും പൊതുജനവും മുമ്പില്ലാത്തവിധം ഒറ്റക്കെട്ടായി. ചൈനയുടെ രാജ്യാന്തര പ്രതിച്ഛായ ഊട്ടിയുറപ്പിക്കപ്പെട്ടു. ദേശീയമായ പുനരുജ്ജീവനവും കരുത്തുറ്റ സംവിധാനങ്ങളും ബലിഷ്ഠമായ സാമ്പത്തിക അടിത്തറയും മഹത്തായ മുന്നേറ്റങ്ങൾക്കായുള്ള നിരന്തരപ്രേരണയുമാണ് ഇത് സാധ്യമാക്കിയത്. ചൈനയുടെ മുന്നേറ്റം ചരിത്രപരമായ അനിവാര്യതയായിരുന്നെന്ന് അതികഠിനമായ പോരാട്ടത്തിലൂടെ പാർടിയും ചൈനീസ് ജനതയും ലോകത്തിന് കാട്ടിക്കൊടുത്തെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.
സിപിസിക്ക് ഉള്ളിലും പുറത്തുംനിന്ന് വിപുലമായ അഭിപ്രായശേഖരണം നടത്തിയാണ് കരട് റിപ്പോർട്ട് തയ്യാറാക്കിയത്. സിപിസി ഇതരപാർടി നേതാക്കളുടെയും ചൈനയിലെ വാണിജ്യസംഘടനകളുടെയും പ്രത്യേക പാർടി അനുഭാവം ഇല്ലാത്തവരുടെയും യോഗം ഷി ജിൻപിങ് നേരിട്ട് പങ്കെടുത്ത് നടത്തി.
നിർണായകം മൂന്നാം പ്രമേയം
സിപിസിയുടെ ചരിത്രപരമായ അനുഭവം വിലയിരുത്തുന്ന രണ്ടു പ്രമേയമേ മുമ്പ് പാർടി ചർച്ച ചെയ്തിട്ടുള്ളൂ. 1945ലും 1981ലും പ്രത്യേകമായി ചർച്ചചെയ്ത പ്രമേയങ്ങൾ പാർടിയിലെ പ്രബലമായ ചിന്താധാരകളെ സമന്വയിച്ച് കരുത്തോടെ മുന്നോട്ടുപോകാൻ ഊർജം പകർന്നെന്ന് ചൈനീസ് ദിനപത്രം ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി. മൗ സെ ദൊങ്ങിന്റെ ദർശനത്തിന് ഊന്നൽ നൽകുന്നതായിരുന്നു 1945ലെ പ്രമേയം. ചൈനയുടെ പരിഷ്കരണത്തിന് വഴിവച്ച ദെങ് സിയാവോ പിങ്ങിന്റെ പ്രമേയമായിരുന്നു 1981ലേത്. ഇപ്പോൾ ചർച്ച ചെയ്യുന്ന മൂന്നാമത്തെ പ്രമേയത്തിനും സമാനമായി വൻ പ്രാധാന്യമുണ്ടെന്ന് ഫുഡൻ സർവകലാശാലയിലെ അധ്യാപകൻ വു ഷിൻവെൻ ഗ്ലോബൽ ടൈംസിനോട് പറഞ്ഞു. കടന്നുവന്ന വഴികളെ ആധികാരികമായി വിലയിരുത്തി തീർപ്പിലെത്താനും അടുത്ത ഒക്ടോബറിൽ നടക്കുന്ന 20––ാം പാർടികോൺഗ്രസിന് പ്രത്യയശാസ്ത്രക്കരുത്ത് പകരാനും ഇതിലൂടെ സാധിക്കും. നൂറുവർഷത്തെ നയങ്ങൾ വിലയിരുത്തുന്നു എന്നതുകൊണ്ടുതന്നെ ആദ്യ രണ്ട് പ്രമേയത്തേക്കാളും ഉള്ളടക്കത്താൽ സമ്പന്നമാണ് ഷി ജിൻപിങ് അവതരിപ്പിച്ച പ്രമേയം–- അദ്ദേഹം ചൂണ്ടിക്കാട്ടി.