ന്യൂഡൽഹി
126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഉയർത്തുന്ന ഭീഷണി മറികടക്കാന്‍ ശാശ്വതപരിഹാരം പുതിയ അണക്കെട്ട് നിർമിക്കലാണെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ലക്ഷക്കണക്കിനാളുകളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് അനിവാര്യമാണ്. കേരള, തമിഴ്നാട് എൻജിനിയർമാർ അംഗങ്ങളായ വിദഗ്ധസമിതി പുതിയ അണക്കെട്ടിന്റെ ആവശ്യകത 1979ൽ തന്നെ ചൂണ്ടിക്കാട്ടി.
കേന്ദ്ര ജലവിഭവമന്ത്രിയും കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗങ്ങളിൽ പുതിയ അണക്കെട്ടിന്റെ കാര്യം കേരളം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, തമിഴ്നാട് അംഗീകരിച്ചില്ല. പുതിയ അണക്കെട്ടെന്ന ആശയം ഉന്നതാധികാരസമിതിയും സുപ്രീംകോടതിയും ശരിവച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താൻ പരിസ്ഥിതി മന്ത്രാലയം 2018 നവംബറിൽ അനുമതി നൽകി. പഠനം പുരോഗമിക്കുന്നു.
അണക്കെട്ട് അറ്റകുറ്റപ്പണികളിലൂടെ എക്കാലവും നിലനിർത്താനാകില്ല. വിവിധ രാജ്യങ്ങൾ പഴയ അണക്കെട്ടുകൾ ഡീകമീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കുന്നു. ഓസ്ട്രേലിയയിൽ 1891ൽ നിർമിച്ച ഓൾഡ് വിക്ടോറിയാ അണക്കെട്ട് 1989ൽ ഉപേക്ഷിച്ച് പുതിയത് നിർമിച്ചു. 1895ൽ നിർമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിലും ഇതേ നടപടി വേണമെന്നും സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
ഡിസംബറിൽ മുഖ്യമന്ത്രിതല ചർച്ച
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതുൾപ്പെടെയുള്ള വിഷയത്തിൽ ഡിസംബറിൽ തമിഴ്നാടുമായി മുഖ്യമന്ത്രിതല ചർച്ച നടത്തുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. പുതിയ അണക്കെട്ട് വിഷയം വിവിധ തലങ്ങളിൽ പരിഗണിച്ചെങ്കിലും സമവായത്തിലെത്തിയില്ല. ഇതിനാലാണ് ചർച്ച.
പുതിയ അണക്കെട്ട് നിർമിക്കുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിക്കുകയാണ്. പഠനത്തിന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി ഡിസംബർ 20 വരെയാണ്. ഇതിനായി കരാർ എടുത്തിട്ടുള്ളവർ അടിസ്ഥാന വിവരശേഖരണം പൂർത്തിയാക്കി. റിപ്പോർട്ടിന്റെ കരട് ഉടൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
‘തമിഴ്നാടിന്റെ റൂൾ കർവ് പുനഃപരിശോധിക്കണം’
ജലനിരപ്പ് 142 അടിവരെയായി ഉയർത്താമെന്ന തമിഴ്നാടിന്റെ റൂൾകർവ് പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാർ, കക്കി അണക്കെട്ടുകളിൽ പരമാവധി ജലനിരപ്പിൽ ജലം സംഭരിക്കുന്നത് വർഷത്തിൽ ഒരുതവണ മാത്രം. എന്നാൽ, മുല്ലപ്പെരിയാറില്‍ സെപ്തംബർ 20നും നവംബർ 30നും രണ്ട് തവണ ജലനിരപ്പ് 142 അടിയാക്കാവുന്ന റൂൾകർവാണ് തമിഴ്നാട് തയ്യാറാക്കിയത്. കേരളത്തിൽ കനത്ത മഴയുള്ള അവസരങ്ങളിൽ ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയിലും മഴലഭ്യതയിലും കാര്യമായ മാറ്റമുണ്ട്. 2017 നവംബർ 30ന് ഒറ്റ ദിവസത്തിൽ ജലനിരപ്പ് 6.2 അടി വർധിച്ചു. 2018ൽ 21 മണിക്കൂറിൽ 3.9 അടിയും 2019ൽ ഒറ്റദിവസം 7.2 അടിയും വർധിച്ചു. ഇത് വലിയ വെല്ലുവിളിയാണ്. ഇടുക്കി അണക്കെട്ടിലും അത് കടുത്ത പ്രതിസന്ധി ഉണ്ടാക്കും. വടക്കുകിഴക്കൻ കാലവർഷം ഡിസംബർവരെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ റൂൾകർവിൽ പറയുന്നതുപോലെ നവംബർ 30ന് അപ്പർറൂൾലെവൽ 140 അടിയായി തീരുമാനിക്കണം. കേന്ദ്രജലകമീഷൻ മാർഗനിർദേശപ്രകാരം പുതിയ ഇൻസ്ട്രുമെന്റേഷൻ പദ്ധതി നടപ്പാക്കാൻ തമിഴ്നാട് സർക്കാരിന് നിർദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടു