കൊച്ചി
രാജ്യത്തെ പിടിച്ചുലച്ച കോഴയിടപാടിലൂടെയാണ് ഇടതുപാർടികൾ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ ഒന്നാം യുപിഎ സർക്കാർ അതിജീവിച്ചത്. സഭാധ്യക്ഷന്റെ മേശപ്പുറത്ത് കോഴപ്പണക്കെട്ടുകൾ വാരിയിട്ട് രാജ്യത്തെയാകെ നാണക്കേടിലാക്കിയ കാലം. 19 എംപിമാരുടെ അധികപിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അവിശ്വാസത്തെ അതിജീവിച്ചതിന്റെ ആരുംപറയാത്ത പിന്നാമ്പുറക്കഥയിലേക്ക് വെളിച്ചം വീശുകയാണ് ഡോ. സെബാസ്റ്റ്യൻ പോൾ. ഇടതുപിന്തുണയുള്ള സ്വതന്ത്ര എംപിയായിരുന്ന തനിക്കും സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ കോൺഗ്രസ് നേതാക്കൾ കോടികൾ വാഗ്ദാനം ചെയ്തെന്നാണ് സെബാസ്റ്റ്യൻ പോളിന്റെ വെളിപ്പെടുത്തൽ. എംപിമാരെ ചാക്കിലാക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിച്ചതാകട്ടെ വിദേശമന്ത്രിയായിരുന്ന പ്രണബ് മുഖർജിയും. അമ്പതാണ്ടിലേറെ നീണ്ട മാധ്യമ–-രാഷ്ട്രീയ ജീവിതത്തെ ആത്മകഥാരൂപത്തിലാക്കി ഡോ. സെബാസ്റ്റ്യൻ പോൾ എഴുതിയ, വ്യാഴാഴ്ച പുറത്തിറങ്ങുന്ന ‘എന്റെ കാലം എന്റെ ലോകം’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ.
പുസ്തകത്തിൽനിന്ന്: “യുപിഎ സർക്കാരിനു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രണബ് മുഖർജി ഏറ്റെടുത്തു. ഭൂരിപക്ഷം ഉറപ്പിക്കുകയെന്നു പറഞ്ഞാൽ കുറെ എംപിമാരെ ചാക്കിലാക്കുക എന്നാണർഥം. ഒരു സായാഹ്നത്തിൽ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലാതെ നമ്പർ 20, ആർപി റോഡിൽ തനിച്ചിരിക്കുമ്പോൾ ‘ചാക്കു’മായി രണ്ടുപേർ വന്നു. പ്രണബിന്റെ നിർദേശപ്രകാരമാണ് വരവെന്നു വിശദീകരിക്കപ്പെട്ടു. സ്വതന്ത്ര എംപി എന്നനിലയിൽ വിപ്പ് ലംഘനം ഉണ്ടാകാത്തതിനാൽ ഞാൻ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യണം. കഴിയില്ലെങ്കിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കണം. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയിൽ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷൻ പെട്ടെന്ന് ഓർമയിൽ വന്നതിനാൽ പ്രതിഫലം എത്രയെന്നു ചോദിക്കാതെ ഞാൻ സംഭാഷണം അവസാനിപ്പിച്ചു. അതു സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്ന് അടുത്തദിവസം വയലാർ രവിയെ കണ്ടപ്പോൾ മനസ്സിലായി. പ്രണബിന്റെ ലിസ്റ്റിൽനിന്ന് എന്റെ പേര് നീക്കംചെയ്യിച്ചതായി എന്നെ അറിയാവുന്ന രവി പറഞ്ഞു. പാർലമെന്ററികാര്യമന്ത്രിയായിരുന്നു വയലാർ രവി. പ്രണബിന്റെ ദൂതർ കോടികൾ എന്നു പറഞ്ഞതായാണ് എന്റെ ഓർമ.”
യുപിഎ സർക്കാർ കൊണ്ടുവന്ന യുഎപിഎ നിയമഭേദഗതിക്ക് അനുകൂലമായി വോട്ടുചെയ്യാതിരുന്നതും വിപ്പ് ലംഘിച്ച് സഭയിൽനിന്ന് വിട്ടുനിന്നതിന് സിപിഐ എം വിശദീകരണം ചോദിച്ച കാര്യവും പുസ്തകത്തിൽ വിവരിക്കുന്നു.
“2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രി പി ചിദംബരം അവതരിപ്പിച്ച യുഎപിഎ ഭേദഗതിബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് സിപിഐ എം വിപ്പ് നൽകി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂർത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും സഭയിലേക്കു പ്രവേശിക്കാതെ സെൻട്രൽ ഹാളിൽ തന്നെയിരുന്നു. മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള വിട്ടുനിൽക്കൽ ഞാൻ വാർത്തയാക്കിയില്ല. പക്ഷേ, പാർടി അതു ശ്രദ്ധിച്ചു. ബസുദേബ് ആചാര്യയിൽനിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബർ 17-ന് സഭയിൽ നടന്ന വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം. സിപിഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിർദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15-ന് ബസുദേബ് ആചാര്യ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.”