കൊച്ചി: സംസ്ഥാനത്ത് 175 മദ്യശാലകൾകൂടി തുടങ്ങണമെന്ന ബെവ്കോയുടെ ശുപാർശ എക്സൈസിന്റെ പരിഗണണയിലാണെന്ന് സർക്കാർ ഹൈക്കോടതിയിൽ. വാക്-ഇൻ മദ്യശാലകൾ തുടങ്ങണമെന്ന ഹൈക്കോടതി നിർദേശവും പരിഗണനയിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനിടയിൽ മദ്യക്കടകൾ സമീപവാസികൾക്ക് ശല്യമാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് 175 മദ്യശാലകൾകൂടി തുടങ്ങാൻ അനുമതി ആവശ്യപ്പെട്ടാണ് ബെവ്കോ സർക്കാരിനെ സമീപിച്ചത്. ഈ അപേക്ഷ എക്സൈസ് വകുപ്പിന്റെ മുന്നിലുണ്ടെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ബിവറേജസ് ഔട്ട്ലെറ്റുകളുടെ പരാധീനതകൾ സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് ഇത്തരത്തിൽ ഒരു അഭിപ്രായം ബെവ്കോ മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇവയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടുമില്ല.
അതിനിടെ, വോക്-ഇൻ കൗണ്ടറുകളിലൂടെ അടക്കം മദ്യം വിൽക്കുന്നത്പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതിയുടെ ഈ നിർദേശവും പരിഗണനയിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, മദ്യവിൽപ്പനശാലകൾ മൂലം ജനങ്ങൾക്കുണ്ടാകുന്ന ദുരിതങ്ങൾ കാണാതിരിക്കാനാകില്ലെന്നും ചില പ്രദേശങ്ങളിൽ മദ്യവിൽപ്പനശാലകൾ മൂലം ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഈ ബുദ്ധിമുട്ടുകൾ പരിഹരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രണ്ട് ആഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
Content Highlights:Bevcos recommendation to open 175 bars; Government in High Court