തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവ് സംസ്ഥാന സർക്കാർ അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് വ്യക്തമാക്കിമേൽനോട്ട സമിതി അധ്യക്ഷന്റെ കത്ത്. മരംമുറി അനുമതിക്ക് മുന്നോടിയായി കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി എന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 15 മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സെപ്റ്റംബർ മൂന്നിന് മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. ബേബി ഡാമും അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജല മന്ത്രാലയവും സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചപ്പോഴാണ് ഡാം പരിസരത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കാര്യം അറിഞ്ഞത് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ ഇത് പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ്, ജല വിഭവ സെക്രട്ടറി ടി.കെ. ജോസിന് സെപ്റ്റംബർ മൂന്നിന് അയച്ച കത്ത്.
തമിഴ്നാട്-കേരള ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ ബേബി ഡാം പ്രദേശത്ത് ജൂൺ 11-ന് സംയുക്ത പരിശോധന നടത്തിയെന്ന് കത്തിൽ വ്യക്തമാക്കുന്നു. ബേബി ഡാം ശക്തിപ്പെടുത്താൻ എത്ര മരങ്ങൾ മുറിക്കേണ്ടിവരുമെന്ന് കണക്കെടുക്കാൻ ആയിരുന്നു പരിശോധന. 15 മരങ്ങൾ മുറിക്കണമെന്ന് സംഘം വിലയിരുത്തി. മരംമുറി അനുമതിക്കായി സംസ്ഥാന വനംവകുപ്പിന് ഓൺലൈൻ ആയി അപേക്ഷ നൽകാനും തീരുമാനിച്ചു. അനുമതി നൽകാൻ വനംവകുപ്പിനോട് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. തുടർന്നാണ് നവംബർ ഒന്നിന് ജല വിഭവ സെക്രട്ടറി യോഗംവിളിച്ച് മരംമുറിക്ക് അനുമതി നൽകിയത്.
പുതിയ അണക്കെട്ട് വേണമെന്ന് വാദിക്കുകയും ബേബി ഡാം ബലപ്പെടുത്താനുള്ള മരംമുറിക്ക് അനുമതി നൽകുകയും ചെയ്ത സംസ്ഥാന സർക്കാർ നിലപാടിലെ വൈരുദ്ധ്യം ഇതോടെ പുറത്താവുകയാണ്. വിവാദമായതോടെ ഉത്തരവ് സർക്കാർ മരവിപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ പുതിയ കത്തും സംസ്ഥാനത്തിന് തിരിച്ചടിയായി. ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവ ജോയിന്റ് സെക്രട്ടറിയാണ് ഇന്നലെ സംസ്ഥാനത്തിന് കത്ത് നൽകിയത്. ഡാമിലേക്കുള്ള അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തിലുണ്ട്. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് കത്ത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യംകേന്ദ്രം പരിഗണിക്കുന്നില്ലെന്നും ഇതോടെ വ്യക്തമാകുന്നു.
content highlights:government knew about mullaperiyar dam tree felling order; reveals letter