ചെന്നൈ: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെ ഉത്തരവിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന്. ഉപാധികളോടെയാണ് മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനാണ് അനുമതി. മുറിക്കുന്ന മരങ്ങൾപെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകരുത് എന്നത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ഈ അനുമതി നൽകിയിരിക്കുന്നത്.
നവംബർ ആറിനാണ്,ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള നാൽപ്പത് സെന്റ് സ്ഥലം തമിഴ്നാട് പാട്ടത്തിന് എടുത്തിരിക്കുന്ന സ്ഥലമാണെന്ന്ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഈ സ്ഥലത്തെ 23 മരങ്ങൾ മുറിച്ചു മാറ്റാനുള്ള അനുമതിയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാൽ 23 മരങ്ങൾക്കു പകരം 15 മരങ്ങൾ മുറിച്ചു മാറ്റാനാണ് കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്.
മരങ്ങൾ മുറിച്ചുമാറ്റിയാൽ അത് പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി വിട്ട് പുറത്തേക്ക് കൊണ്ടുപോകരുതെന്ന നിർദേശവും ഉത്തരവിലുണ്ട്. ഏതൊക്കെ മരങ്ങളാണ് മുറിച്ചു മാറ്റേണ്ടതെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. മൂന്നു മീറ്റർ മുതൽ ഏഴു മീറ്റർ വരെ ഉയരമുള്ള 15 മരങ്ങളുടെ പേരുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ഉത്തരവാണ് ആറാം തിയതി പുറത്തിറങ്ങിയത്.
Mathrubhumi news screen grab
രണ്ട് ഉദ്യോഗസ്ഥരുടെ ഒപ്പാണ് ഉത്തരവിലുള്ളത്. പെരിയാർ ടൈഗർ റിസർവിന്റെ ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽബാബു ഐ.എഫ്.എസ്., ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ ബെന്നിച്ചൻ തോമസ് ഐ.എഫ്.എസ്. എന്നിവരുടെ ഒപ്പാണ് ഉത്തരവിലുള്ളത്.
ഉത്തരവ് പുറത്തിറങ്ങിയ അതേദിവസം തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചത്. ഇത് പിന്നീട് വാർത്തയാവുകയായിരുന്നു.
content highlights:mullaperiyar baby dam tree felling order