ഷാർജ > നാൽപതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം എന്ന പദവി കരസ്ഥമാക്കിയതായി സംഘാടകർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 1982ൽ ആരംഭിച്ച ഷാർജ പുസ്തകോത്സവത്തിന്റെ ഏറ്റവും വലിയ മേളയാണ് ഇക്കൊല്ലം അരങ്ങേറിയത്. 83 രാജ്യങ്ങളിൽനിന്നായി ഒന്നരക്കോടി പുസ്തകങ്ങളാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. കോവിഡ് മഹാമാരിയിൽ നിന്ന് ലോകം ഉയർത്തെഴുന്നേൽക്കുന്ന വേളയിലാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവം എന്ന പെരുമ നേടി മികവു തെളിയിച്ചത്.
ലോകത്തിലെ പുതിയ ശബ്ദങ്ങളെ യുഎഇയുടെ മണ്ണിൽ പ്രസരിപ്പിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അഭിനന്ദിച്ചു.
ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നായി 85 ഓളം പ്രമുഖ വ്യക്തികളാണ് ഇത്തവണ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്. നോബൽ സമ്മാന ജേതാവ് അബ്ദുൽ റസാഖ് ഖുർന, ജ്ഞാനപീഠ പുരസ്കാരജേതാവ് അമിതാവ് ഘോഷ്, സൗത്ത് ആഫ്രിക്കൻ ലെജൻഡ് ട്രെവർ നോആ തുടങ്ങിയവരുടെ സാന്നിധ്യം പുസ്തകോത്സവത്തിന് മാറ്റുകൂട്ടി. 440 സാംസ്കാരിക കൂടിച്ചേരലുകൾ, 355 പ്രദർശനങ്ങൾ, സെമിനാറുകൾ, പെർഫോമൻസുകൾ, കുട്ടികൾക്കുള്ള വർക്ക് ഷോപ്പുകൾ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ പ്രവർത്തനങ്ങളായിരുന്നു പുസ്തകോത്സവത്തിന്റെ ആകർഷണം.
പ്രസാധകരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 45 ലക്ഷം ദിർഹം (9 കോടി രൂപ) ആണ് ഇത്തവണ ഷെയ്ഖ് പാരിതോഷികം പ്രഖ്യാപിച്ചത്. പുതിയ പുസ്തകങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വലിയ പ്രഖ്യാപനം. കോവിഡ് ആയതിനാൽ പ്രസാധകരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷവും ഇതുപോലെ പ്രത്യേക സഹായം നൽകിയിരുന്നു.