തെന്മല: തെന്മല പരപ്പാർ ഡാമിനുസമീപം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ നവവരനും ഭാര്യാസഹോദരനും മുങ്ങിമരിച്ചു. കരുനാഗപ്പള്ളി പുതുക്കാട് വടക്കേതിൽ (പുത്തൻപുരയ്ക്കൽ) അൻസൽ (26), ഭാര്യാസഹോദരൻ പുത്തൻവീട്ടിൽ കിഴക്കേതിൽ അൽത്താഫ് (23) എന്നിവരാണ് മരിച്ചത്. ഒക്ടോബർ 18-നായിരുന്നു അൻസലിന്റെ വിവാഹം.
കഴിഞ്ഞദിവസം രാവിലെ ഒൻപതോടെ കുടുംബത്തോടൊപ്പം തമിഴ്നാട് ഏർവാടി പള്ളിയിൽ പോയി തിരികെവരുമ്പോൾ ഡാം കവലയിലെ കുളിക്കടവിൽ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കിൽപ്പെട്ടത്.
അടുത്തയാൾ രക്ഷിക്കാൻ ഇറങ്ങിയതോടെ രണ്ടുപേരും കയത്തിൽ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവർ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താൻ തടസ്സമായി. പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിവെച്ചിരിക്കുന്നതിനാൽ കല്ലടയാറിൽ നീരൊഴുക്ക് ശക്തമായിരുന്നു.
നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അൻസറിന്റെയും ജാസ്മിലയുടെയും മകനാണ് അൽത്താഫ്. ഹമീദ് കുഞ്ഞിന്റെയും സജിലയുടെയും മകനാണ് അൻസൽ. ഭാര്യ: അൽഫിയ.
അൽഫിയയ്ക്ക് നഷ്ടമായത് സഹോദരനെയും ഭർത്താവിനെയും
കരുനാഗപ്പള്ളി: ആഹ്ലാദത്തിന്റെ ദിനങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല… അതിനുമുൻപേ എത്തിയ ദുരന്തവാർത്തയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് അൽത്താഫിന്റെയും അൻസിലിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും.
കഴിഞ്ഞ ഒക്ടോബർ 18-നാണ് അൻസിലും അൽത്താഫിന്റെ സഹോദരി അൽഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അൻസിൽ വിവാഹത്തിനായാണ് നാട്ടിൽ എത്തിയത്.
നവംബർ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങൾ ചേർന്ന് ഏർവാടി പള്ളിയിലേക്ക് തീർത്ഥാടനത്തിനു പോയത്. രണ്ടു വാഹനങ്ങളിലായി ഒൻപതുപേരുണ്ടായിരുന്നു. മടങ്ങിവരുമ്പോഴാണ് തെന്മലയിൽ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് അപകടം ഉണ്ടാകുന്നത്. ഭർത്താവിന്റെയും സഹോദരന്റെയും മരണവാർത്ത വിശ്വസിക്കാനാകുന്നില്ല അൽഫിയയ്ക്ക്. അൽത്താഫും അൻസിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവർക്കും നാട്ടിൽ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.
മരണവാർത്ത അറിഞ്ഞതുമുതൽ ഒട്ടേറെപ്പേരാണ് ഇരുവീടുകളിലേക്കുമെത്തിയത്. വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹങ്ങൾ രാത്രിയോടെ കബറടക്കി. അൻസിലിന്റെ മൃതദേഹം കോഴിക്കോട് ഇസ്ലാഹുൽ മുസ്ലിം ജമാഅത്ത് കബർസ്ഥാനിലും അൽത്താഫിന്റെ മൃതദേഹം പുത്തൻതെരുവ് ജുമാമസ്ജിദ് കബർസ്ഥാനിലുമാണ് കബറടക്കിയത്.
കൺമുന്നിൽ അവർ മുങ്ങിത്താഴ്ന്നു
തെന്മല : കഴിഞ്ഞ ദിവസം രാവിലെ തെന്മല ഡാം കവലയോടുചേർന്ന് കല്ലടയാറ്റിലെ കുളിക്കടവിൽ മുങ്ങിമരിച്ച യുവാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ കുളിക്കടവിനുസമീപം നിൽക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ രക്ഷിക്കണേയെന്ന ബന്ധുക്കളുടെ കൂട്ടനിലവിളിയാണ് നാട്ടുകാർ കേട്ടത്. ബന്ധുക്കളുടെ കൺമുന്നിലായിരുന്നു അപകടം. നാട്ടുകാരായ ജിത്തു, സന്തോഷ്, മണി, മനോജ്, മുകേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ബഹളംകേട്ട് ആറ്റിന്റെ മറുകരയിൽനിന്ന് 300 മീറ്ററോളം നീന്തിയാണ് സന്തോഷ് രക്ഷാപ്രവർത്തനത്തിനെത്തിയത്. ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും അതിജീവിച്ചായിരുന്നു രക്ഷാപ്രവർത്തനം. എന്നിട്ടും രണ്ടുപേരെയും രക്ഷിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് നാട്ടുകാർ.
എല്ലാം പെട്ടെന്നായിരുന്നു
എല്ലാം പെട്ടെന്നായിരുന്നെന്ന് കുളിക്കടവിനു മുൻഭാഗത്ത് റോഡരികിൽ ശൗചാലയം നടത്തുന്ന ദാമോദരൻ പറയുന്നു. ശൗചാലയത്തിനു മുൻവശത്തെ റോഡിലാണ് ഇവരെത്തിയ കാർ നിർത്തിയിരുന്നത്. നിലവിളികേട്ട് ചെല്ലുമ്പോഴേക്കും മുങ്ങിത്താഴ്ന്നിരുന്നു.
അപകടമേഖലയായി കുളിക്കടവ്
ഡാം കോളനി നിവാസികൾ കുളിക്കുന്നത് ഈ കടവിലാണ്. ഇക്കോ ടൂറിസത്തിന്റെ ശൗചാലയത്തിനു പിറകിലുള്ള കടവിൽ നാട്ടുകാരല്ലാത്തവർ എത്തുന്നത് വിരളമാണ്. കുളിക്കടവിലെ വെള്ളം മൂടിക്കിടക്കുന്ന പടവുകൾ കഴിഞ്ഞാൽ കുഴിയാണ്. അതിനാൽത്തന്നെ പുറമേനിന്ന് എത്തുന്നവർ ശ്രദ്ധിക്കേണ്ടതുണ്ട്. മുൻപും ഈഭാഗത്ത് ആളുകൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടെങ്കിലും രക്ഷപ്പെട്ടിരുന്നു. അന്ന് ആറിന്റെ മറുകരയിൽ കുളിച്ചുകൊണ്ടിരുന്ന യുവാവ് നീന്തിവന്ന് മുങ്ങിത്താഴ്ന്നയാളെ രക്ഷിച്ചു.