മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാൽ 10 രൂപയാക്കുന്നതിൽ സർക്കാരിന് എതിർപ്പുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വിദ്യാർഥികളുടെ കൺസെഷൻ മിനിമം 6 രൂപയാക്കണമെന്ന ആവശ്യവും ബസുടമകളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നത് വിവാദമാകാൻ സാധ്യതയുള്ളതിനാൽ കൂടിയാലോചനകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുക.
ഇന്ന് മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം ബസുടമകൾ പിൻവലിച്ചിരുന്നു. സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബസ് ഉടമകൾ എത്തിയത്. ചർച്ചയിൽ നിരക്ക് വർധനയടക്കമുള്ള കാര്യങ്ങളിൽ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസൽ സബ്സിഡി നൽകുക, മിനിമം ചാർജ് 8 രൂപയിൽ നിന്നും 12 ആക്കി ഉയർത്തുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി ഉയർത്തുക, കൊവിഡ്-19 കാലം കഴിയുന്നതുവരെ ബസുടമകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ 60 ശതമാനം ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നുള്ളൂ. ഈ സർവീസുകൾക്ക് പോലും യാത്രക്കാർ കുറവാണെന്ന് ബസുടമകൾ വ്യക്തമാക്കുന്നുണ്ട്.
ബസ് ഉടമകളുടെ ആവശ്യം തള്ളാതിരുന്ന സർക്കാർ അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് ഇന്ന് മുതൽ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബസ് ഉടമകൾ എത്തിയത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്തായിരുന്നു നിർണായക ചര്‍ച്ച. രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.