രണ്ടുകാര്യങ്ങളാണ് പുഷ്പമ്മയുടെ ആദ്യ നോവൽ, കൊളുക്കൻ വായിച്ചുതീരുമ്പോൾ സന്തോഷിപ്പിക്കുന്നത്. ഒന്ന്, ഇതിന് മുൻപ് കേട്ടിട്ടേയില്ലാത്ത ഒരു ആദിവാസി ഗോത്രത്തിൽ നിന്നുള്ള, അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു സൃഷ്ടിയാണിത്. രണ്ട്, ഇത് എഴുതിയിരിക്കുന്നത് ഒരു സ്ത്രീയാണ്. മറ്റെല്ലാ സമൂഹങ്ങളെയുംപോലെ ഒരു ‘ആണെഴുത്തായി’ ഈ നോവൽ സംഭവിച്ചിരുന്നെങ്കിൽ ഇതിന് ഇത്രയേറെ ആഴമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം, കാവൽക്കാരെന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളാണ് പുരുഷൻ മേധാവിത്വം പുലർത്തുന്ന എല്ലാ സമൂഹങ്ങളുടെയും ഇരകൾ.
കൊളുക്കൻ എന്നാൽ നനഞ്ഞ മണ്ണ്, ചെളി (
) എന്നാണ് അർഥം. ഒരിടത്തും സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇല്ലാത്ത ആദിവാസി ഗോത്രങ്ങളിൽപ്പെട്ടവരായിരുന്നു ഊരാളികൾ. മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച കാലത്ത് ചിതറിപ്പോയ അവർ കാടുകളിൽ തന്നെ കൂട്ടമായി തങ്ങി, ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടർന്നു. പുതിയ അതിഥികള്‍ അവരെ കാടുകളില്‍ നിന്ന് ആട്ടിപ്പായിച്ചു. പലായനം അവരുടെ ജീവിതത്തിന്‍റെ ഭാഗമായി. കാലം ഉരുണ്ടപ്പോൾ അവരുടെ കഥ വിസ്മൃതമായി. അത് സാഹിത്യത്തിന്റെ സഹായത്തോടെ വീണ്ടെടുക്കുകയാണ് നോവലിസ്റ്റ്.
അസാധാരണമായ സത്യസന്ധതയാണ് കൊളുക്കൻ എന്ന നോവലിനുള്ളത്. ഗോത്രകാലത്തിന്റെ മഹിമകളോ നൊസ്റ്റാൾജിയയോ അല്ല ഈ കൃതി. താനുൾപ്പെടുന്ന സമൂഹത്തിന്റെ രീതികളെ ചോദ്യം ചെയ്യാനും തുറന്നെഴുതാനുമുള്ള ധൈര്യമാണ് പുഷ്പമ്മയുടെ നോവലിനെ വ്യത്യസ്തമാക്കുന്നത്. നല്ലവരും ചീത്തവരും നായകനും വില്ലനും ഒന്നുമല്ല, മനുഷ്യരും അവരുടെ സഹജമായ ചാപല്യങ്ങളും മാത്രമേ നോവലിലുള്ളൂ. അത് ചിലപ്പോൾ ക്രൂരമായും സൗമ്യമായും സഹതാപത്തോടെയും വായിക്കുന്നവരെ പിന്തുടരുന്നു.
ഊരാളി ‘കുലപതി’ കാണിക്കാരനും (കണ്ടൻ കാണി) അയാളെ അനുസരിച്ച് ജീവിക്കുന്നവരുമായ ഊരാളി സമൂഹത്തിന്റെ കഥയാണ് കൊളുക്കൻ. കാണിക്കാരൻ ക്രൂരനായ ഒരു രക്ഷാകർത്താവാണ്. അയാൾ അധികാരത്തെക്കുറിച്ച് വേവലാതിപ്പെടുന്നു, അത് തരുന്ന ബഹുമാനത്തെ എപ്പോഴും ആസ്വദിക്കാൻ ശ്രമിക്കുന്നു, ആചാരങ്ങൾ (എപ്പോഴും പുരുഷന്മാർക്ക് അനുകൂലമായത്) പുതിയ സ്ത്രീകളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഉപയോഗപ്പെടുത്തുന്നു. പക്ഷേ, ഇത് കാണിക്കാരന്റെ മാത്രം ലോകമല്ലല്ലോ. ഊരാളികളറിയാതെയാണെങ്കിലും അവരെ ഭരിക്കുന്ന രാജ്ഞിയുണ്ട്, കാടിന് അരികിൽ വെള്ളക്കാരുണ്ട്, വേട്ടയ്ക്കിറങ്ങുന്ന തമിഴ് തേവന്മാരുണ്ട്, ഊരാളികളല്ലാത്ത മനുഷ്യരുണ്ട്. ഈ സമ്മർദ്ദങ്ങളിൽ പുതിയപുതിയ കാടുകളിലേക്ക് പറിച്ചുനടപ്പെടാൻ നിർബന്ധിക്കപ്പെടുകയാണ് ഊരാളികൾ. ആ യാത്രകളിൽ അവർക്ക് ഇടയിൽ ജനനങ്ങളുണ്ടാകുന്നു, മരണങ്ങളുണ്ടാകുന്നു, ഉപേക്ഷിക്കപ്പെടേണ്ടവരുണ്ടാകുന്നു. ഈ സാഹചര്യങ്ങളോടുള്ള ഊരാളികളുടെ, പ്രത്യേകിച്ചും അവരിലെ സ്ത്രീകളുടെ പ്രതികരണങ്ങളാണ് കൊളുക്കൻ.
വളരെ ലളിതമാണ് പുഷ്പമ്മയുടെ ഭാഷ. അലങ്കാരങ്ങൾ തീരെയില്ല, നേരിട്ടാണ് അവരുടെ ആശയങ്ങൾ വന്നുവീഴുന്നത്. ഊരാളി ഭാഷയിലാണ് സംഭാഷണങ്ങളധികവും. നൈസർഗികമായ ഭാവങ്ങൾ അതേപടി വായനക്കാരിലെത്താൻ അത് സഹായിക്കുന്നു. അരിച്ചെടുത്ത് തിളങ്ങുന്ന ഷോക്കേസിൽ അല്ല സംഭാഷണങ്ങൾ. കണ്ടൻകാണി മുട്ടൻ തെറിവിളിക്കുമ്പോൾ, അത് അതേപടിയാണ് വായനക്കാരുടെ നാക്കിലേക്കും വന്ന് വീഴുന്നത്. കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് പുഷ്പമ്മയുടെ കഥപറച്ചിൽ. ഒൻപത് വയസ്സിൽ വിവാഹം കഴിക്കേണ്ടിവന്ന ചെമ്പി, ‘കുളിതെറ്റി’യെന്ന വാക്കുകേൾക്കുമ്പോൾ, ഇല്ല കുളിതെറ്റിയയാൾ ഇന്നലെയും കുളിച്ചത് താൻ കണ്ടെന്ന് വേവലാതിപ്പെടുകയാണ്. അവളത് എല്ലാ ചെവികളിലും എത്താൻ പാകത്തിന് സത്യസന്ധതയോടെ വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ, കൂട്ടച്ചിരിയാണ് പെണ്ണുങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ആ നിമിഷം വായിക്കുന്നവരും സഹതപിക്കും. അച്ചടിച്ച താളിലെ കഥാപാത്രമാണ് ചെമ്പിയെന്ന് നിങ്ങൾ ഓർക്കില്ല, തീർച്ച.
സ്ത്രീകളുടെ ഓർമ്മകളാണ് ഈ നോവലിന്റെ അടിത്തറ. പതിവുപോലെ അധികാരം പതിയെ അരികിലേക്ക് മാറ്റിനിർത്തിയവരാണ് അവർ. ഒമ്പതും പത്തും വയസ്സിൽ 35ന് മുകളിൽ പ്രായമുള്ള പുരുഷനൊപ്പം വിവാഹിതരായി പോകേണ്ടവർ. മാസങ്ങൾക്കുള്ളിൽ അവരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടവർ. പ്രധാനകഥാപാത്രം ചെമ്പിയുൾപ്പെടെ ശൈശവ വിവാഹങ്ങൾ ആവർത്തിച്ച് ഈ നോവലിൽ കാണാം. ചെമ്പിയുടെതാണ് ഏറ്റവും വേദനിപ്പിക്കുന്ന ‘വിവാഹം’. കുട്ടികൾക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുന്ന അവളെ ഒരു ഇരുട്ടത്ത് റാഞ്ചിയെടുക്കുകയാണ് കണ്ടൻകാണി. ആചാരത്തിന് മുന്നിൽ അച്ഛനും അമ്മയും നിശബ്ദരാണ്. പതിയെപ്പതിയെ ഇല്ലാതാകുന്ന ഒരു ചിരിയാണ് ഈ നോവലിൽ ചെമ്പി.
ഒരിടത്തേ നോവലിൽ ഈ ശൈശവ വിവാഹത്തെ ഒരു പുരുഷൻ അപലപിക്കുന്നുള്ളൂ. അയാൾ മനസിൽ ആചാരങ്ങളെ തെറിവിളിക്കുന്നുണ്ട് പക്ഷേ, അതൊരു പ്രതിഷേധമല്ല. പ്രായമായ താൻ മരണപ്പെട്ടാൽ ഭാര്യ വളരെച്ചെറുപ്പമാണെന്നും അവളെ മറ്റൊരാൾ തട്ടിയെടുക്കുമെന്നുമുള്ള ആശങ്കമാത്രമേ ഉള്ളൂ.
സ്ത്രീകളാകട്ടെ ഒരുകാലത്തും ഈ സംവിധാനത്തെ ചോദ്യം ചെയ്യുകയോ അതിന്റെ സാധുതയെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യുന്നില്ല. ഒമ്പത് വയസ്സുകാരി ചെമ്പി മാത്രമാണ് ഇക്കാര്യത്തിൽ കുറച്ചെങ്കിലും ചിന്തിക്കുന്നത്. വിവാഹത്തിന് മുൻപ് പ്രതിഷേധത്തിന്റെ സ്വരത്തിലല്ലാതെ ഒരിടത്ത് അവൾ ഉറക്കെപ്പറയുന്നുണ്ട്.
“അനക്കുവേണ്ട കരിമ്പേട്ടനെ, അപ്പൻത്രേം പിരായമൊണ്ട്” [കരിമ്പൻ (പ്രതിശ്രുതവരൻ) ചേട്ടനെ എനിക്ക് വേണ്ട, അച്ഛന്റെ അത്രയും പ്രായമുണ്ട്]
കണ്ടൻകാണിയുടെ നാല് ഭാര്യമാരും തമ്മിൽ അയാളുടെ സാമിപ്യത്തിന് വേണ്ടിയൊരു ശീതയുദ്ധം നടക്കുന്നുണ്ട്. അവിടെയും സ്ത്രീകളെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരു വിലയിരുത്തലാണ് നോവൽ. ഭർത്താവിൽ അഭയം കണ്ടെത്തുന്ന, ഭർത്താവ് മരിച്ചാൽ മറ്റൊരാൾ വിവാഹം ചെയ്യാൻ തയാറായി വന്നാൽ എതിർക്കാതെ അനുസരിക്കേണ്ടി വരുന്ന, നിലയ്ക്കാതെ പ്രസവിക്കേണ്ടി വരുന്ന, ഭർത്താവിന്റെ മർദ്ദനമേറ്റാൽ തടയാൻ മറ്റൊരാളും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും ഉറക്കെ നിലവിളിക്കേണ്ടി വരുന്ന ജീവിതമാണ് സ്ത്രീകൾ ജീവിക്കുന്നത്. എന്നിട്ടും അവരുടെ കണ്ണുനീരത്രയും വിളവെടുക്കാതെ പോകുന്ന പാടങ്ങളെയും മുന്നറിയിപ്പില്ലാതെ ഇറങ്ങിപ്പോകണ്ടി വരുന്ന കാടുകളെക്കുറിച്ചുമാണ്.
ഊരാളി ഗോത്രത്തിൽ നിന്നുള്ള ആദ്യ നോവലാണ് പുഷ്പമ്മയുടെത്. പുഷ്പമ്മയുടെ എഴുത്ത് പക്ഷേ, പരിചിതമായി തോന്നുന്നു. വാക്കുകൾകൊണ്ടുള്ള കളികളോ, ഉദ്വേഗം ഉണ്ടാക്കുന്ന ശൈലിയോ അവർക്കില്ല. ഊരാളിക്കൂട്ടത്തിനിടയിലേക്ക് ഒരു വന്യമൃഗം വരുന്നതുപോലും അവർ മനുഷ്യരുടെ കണ്ണുകളിൽക്കൂടിയാണ് എഴുതുന്നത്. അതിലെ ഭീതിയും തമാശയും എല്ലാം പങ്കിടുന്നത് മനുഷ്യർ തന്നെ. മൃഗത്തിന് സാഹിത്യത്തിന്റെ മുഖംമൂടിയില്ല.
ശബരിമല അയ്യപ്പനും മുല്ലപ്പെരിയാറിൽ ബോട്ടുസവാരി നടത്തുന്ന കൊച്ചുതമ്പുരാട്ടിയും മംഗളാദേവി ക്ഷേത്രവും നോവലിൽ പലപ്പോഴായി കടന്നുവരുന്നുണ്ട്. ഒന്നിലും ഏച്ചുകെട്ടലില്ല, വിശ്വസനീയമായ ബാല്യകാല സാഹസികതകൾപോലെ ഈ എപ്പിസോഡുകൾ നോവലിൽ ലയിച്ചുപോകുന്നു.
സ്വന്തമായി ഭാഷയും രീതികളും ഒടുക്കം വിനാശകരമായ ഒരു കാറ്റും വീശുന്ന കൊളുക്കൻ, ‘ഏകാന്തതയുടെ നൂറ് വർഷങ്ങളി’ലെ മക്കോണ്ട പോലെയാണ് തോന്നിപ്പിക്കുന്നത്. ഒരു കഥയെക്കാൾ അവിശ്വസനീയമായ ഒരു ചരിത്രമാണ് നോവലിലൂടെ വായിച്ചെടുക്കാനാകുക. അത് പൊട്ടുംപൊടിയും വരെ ചോരാതെ, വിശ്വസനീയമായ സാഹിത്യമായി മാറ്റുകയാണ് എഴുത്തുകാരി. വളരെ വേഗത്തിൽ പോയെന്ന് തോന്നിപ്പിക്കുന്ന ഒരു അവസാന രംഗവും, വേണ്ടതുപോലെ പ്രൂഫ് ചെയ്യാത്തത് കൊണ്ട് പതംവരാത്ത ചില വാചകങ്ങളും പിശകുകളും ഈ നോവലിലുണ്ട്. അത് 351 പേജ് ഉള്ളടക്കത്തെ ബാധിക്കാത്തത് കൊണ്ട് വായനക്കാർ ഒരുപക്ഷേ ക്ഷമിച്ചേക്കാം.
ഈയടുത്ത് മലയാളത്തിൽ ഇറങ്ങിയ നോവലുകളിൽ ആഴവും പരപ്പും കൊണ്ട് ഏറ്റവും മികച്ച നോവലാണ് കൊളുക്കൻ.
യിൽ, ഈ നോവലിന് ‘ആദിവാസിയായ എഴുത്തുകാരി’ എന്ന ലേബൽ നൽകി പുരസ്കാരം പ്രഖ്യാപിച്ച് പുഷ്പമ്മയെ മാറ്റി നിർത്താൻ ‘പ്രബുദ്ധ ആൾക്കൂട്ടം’ ശ്രമിച്ചേക്കാം. എനിക്കിപ്പോൾ ഓർത്തെടുക്കാവുന്ന അര ഡസൺ പുതിയ നോവലുകളിൽ കൊളുക്കൻ ഒന്നാമതാണ്, എഴുത്തുകാരിയുടെ ആദ്യ നോവൽ എന്നത് ഇതിന് കൂടുതൽ തിളക്കം നൽകുന്നു.
****
(അഭിജിത്ത് വി.എം, സമയം മലയാളത്തില്‍ സീനിയര്‍ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസര്‍. അഭിപ്രായങ്ങള്‍, ആക്ഷേപങ്ങള്‍ അയക്കാം – abhijith.vm@timesinternet.in)