തിരുവനന്തപുരം
ആർക്കും നല്ല മനസ്സോടെ വരാൻ പറ്റുന്ന കേന്ദ്രമാകണം പൊലീസ് സ്റ്റേഷനുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം സൗഹൃദപരവും ഭാഷ മാന്യവുമാകണം. വരുന്നവർ കീഴേയുള്ളവരല്ല, മേലേയുള്ളവരാണെന്ന രീതിയിൽ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അനാവശ്യമായി ആളുകളെ സ്റ്റേഷനിൽ ഇരുത്തരുത്. ഉദ്യോഗസ്ഥന്റേതുപോലെ വരുന്ന ആളിന്റെ സമയവും വിലപ്പെട്ടതാണ്. വാഹനപരിശോധനയിൽ ഉൾപ്പെടെ മാന്യമായി പെരുമാറി നീതിയുക്തമായ തീരുമാനമെടുക്കണം. പ്രമാണിമാരുടെയല്ല, പാവപ്പെട്ടവരുടെ രക്ഷാകേന്ദ്രമായും നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയസ്ഥാനവുമായി സ്റ്റേഷനുകൾ മാറണം.
കേരള പൊലീസിന് പുതിയ മുഖം ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദുരിതഘട്ടങ്ങളിലെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് മുഖ്യകാരണം. എല്ലാം അടച്ചിട്ട ഘട്ടത്തിലും പൊലീസ് വെയിലത്ത് നിന്നു. സ്വന്തം ആരോഗ്യം മറന്ന് പ്രവർത്തിച്ചപ്പോൾ ചിലർക്ക് ജീവൻതന്നെ നഷ്ടമായി. അവരുടെ കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അടുത്ത ബന്ധുക്കൾക്ക് ജോലി നൽകുന്ന സമീപനം സ്വീകരിക്കും.
ഒറ്റപ്പെട്ട ചില സംഭവം പൊലീസിന്റെ മുഖമായി ചിത്രീകരിക്കുന്നുണ്ട്. ചേരാത്ത പ്രവൃത്തി ആരിൽനിന്നുണ്ടായാലും കർക്കശ നടപടി സ്വീകരിക്കും. വർഗീയ സംഘടനകൾ നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെ ഫലപ്രദമായി നേരിടാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.