തിരുവനന്തപുരം
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡ് ഏഴുമാസത്തെ സമയക്രമം നിശ്ചയിച്ചു. എൽഡിഎഫ് പ്രകടനപത്രികയിലെ ലക്ഷ്യങ്ങൾക്ക് പദ്ധതിയിൽ മുൻഗണന നൽകും. പദ്ധതി രൂപീകരണം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമാകും. പ്രാദേശിക സർക്കാരുകൾ, സഹകരണ സംഘങ്ങൾ, ജനകീയകൂട്ടായ്മകൾ തുടങ്ങിയവയുടെ ഇടപെടൽ ഉണ്ടാകും.
സമീപനരേഖ തയ്യാറാക്കലിനും പദ്ധതി രൂപീകരണത്തിനും 50 കർമസമിതി പ്രവർത്തനം തുടങ്ങി. അക്കാദമിക് പണ്ഡിതർ, ഉദ്യോഗസ്ഥർ, വിദഗ്ധർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി 25 മുതൽ 40 വരെ അംഗങ്ങൾ സമിതികളിൽ അംഗമാണ്. ഓരോ മേഖലയിലും നടപ്പാക്കേണ്ടതും ദീർഘകാലാ പരിപാടികളും സമിതികൾ നിർദേശിക്കും. ഈ റിപ്പോർട്ടുകൾ പരിഗണിച്ച് ആസൂത്രണ ബോർഡ് പദ്ധതി രൂപീകരിക്കും. കൃഷിഭവൻ ശാക്തീകരണംമുതൽ വിപണനശൃംഖലയുടെ ആധുനികവൽക്കരണംവരെ കാർഷികമേഖല ആവശ്യപ്പെടുന്നു. മനുഷ്യ–- വന്യജീവി- സംഘർഷ ലഘൂകരണം, ഉൾനാടൻ മീൻമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ, സമുദ്ര മീൻപിടിത്തമേഖലയുടെ ആധുനികവൽക്കരണം തുടങ്ങിയവയും ഇടംപിടിക്കും.
കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജ് പൂർത്തീകരണത്തിന്റെ സമയക്രമം പുനർനിശ്ചയിക്കേണ്ടിവരും. സ്കൂൾവിദ്യാഭ്യാസത്തിന്റെ നവീകരണത്തിന് ആനുപാതികമായി ഉന്നത, സാങ്കേതിക വിദ്യാഭ്യാസമേഖലയുടെ ആധുനികവൽക്കരണം ഉറപ്പാക്കണം. ജീവിതശൈലീ രോഗങ്ങൾ, മുതിർന്നവരുടെ എണ്ണത്തിലെ വർധന, കാർഷിക, പരമ്പരാഗത വ്യവസായമേഖലയിൽ നൂതന വിദ്യകളുടെ പ്രായോഗിത, നൈപുണിവികസനം, സ്ത്രീതുല്യത, സുരക്ഷ, പുതിയ ഊർജമേഖലകൾ, വ്യവസായസ്ഥാപനങ്ങളുടെ നവീകരണം തുടങ്ങിയവയും പരിഗണിക്കും.
പുതിയ നിക്ഷേപങ്ങൾ കണ്ടെത്തലും വിഭവ ദാരിദ്ര്യവുമായിരിക്കും ആസൂത്രകർക്കു മുന്നിലെ വെല്ലുവിളി.