തിരുവനന്തപുരം
പാരിസ്ഥിതിക സന്തുലിതാവസ്ഥ പരിഗണിച്ചും നിയമാനുസൃതമുള്ള നടപടി പൂർത്തിയാക്കിയും മാത്രമേ സംസ്ഥാനത്ത് ക്വാറികൾക്ക് അനുമതി നൽകുകയുള്ളൂവെന്ന് വ്യവസായമന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതിക്ക് ദോഷമില്ലാത്തവിധം ഖനനം നടത്താനുള്ള സാധ്യത തേടും.
ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ ഒരു ക്വാറിയാണ് പ്രവർത്തിച്ചിരുന്നത്. രണ്ടെണ്ണം ഉണ്ടായിരുന്നതിൽ ഒന്ന് റെഡ് സോണിലായതിനാൽ നേരത്തേ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
പ്രകൃതിദുരന്തങ്ങൾക്ക് ക്വാറികൾ കാരണമാണോ എന്ന് പരിശോധിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും. ഉരുൾപൊട്ടലിന് ക്വാറികളാണ് കാരണമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനപ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനപ്രവത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. അന്തിമ വിജ്ഞാപനം വരുന്ന മുറയ്ക്ക് നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ അഞ്ചു വർഷത്തിനകം പ്രവർത്തനം അവസാനിപ്പിക്കും.
പരിസ്ഥിതിലോല പ്രദേശങ്ങളിൽ പുതിയ ഖനനപ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. പാരിസ്ഥിതിക ആഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോർഡ്, പഞ്ചായത്ത്, എക്സ്പ്ലോസീവ് വിഭാഗം, മൈനിങ് ആൻഡ് ജിയോളജി എന്നിവയുടെ അനുമതി ലഭിച്ചാലേ ക്വാറികൾക്ക് അനുമതി നൽകൂ. അനധികൃത ക്വാറികൾ തടയുന്നതിനൊപ്പം നിർമാണ പ്രവർത്തനങ്ങൾക്ക് കരിങ്കല്ല് ഉറപ്പാക്കേണ്ടതുമുണ്ട്. വിഴിഞ്ഞം തുറമുഖനിർമാണത്തിനുമാത്രം 66 ക്വാറി ഉൽപ്പാദിപ്പിക്കുന്നതിനു സമാനമായ കരിങ്കല്ല് ആവശ്യമാണ്. ദേശീയപാതാ നിർമാണത്തിനും വൻതോതിൽ വേണം. അനധികൃത ക്വാറികൾക്കെതിരെ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.