ന്യൂഡൽഹി
കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിനിടെ ഒരുവർഷത്തിനിടെ മരിച്ച കർഷകരിലേറെയും ഇടത്തരം–- ദരിദ്ര കർഷകരെന്ന് പഠന റിപ്പോർട്ട്. വൻകിട കർഷകർമാത്രമാണ് സമരത്തിലുള്ളതെന്ന കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും വാദത്തിന്റെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ് പട്യാലയിലെ പഞ്ചാബി സർവകലാശാല ഗവേഷകരുടെ കണ്ടെത്തല്‍.
ഡൽഹി അതിർത്തിയില്‍ 2020 നവംബർ 26ന് സമരം ആരംഭിച്ചശേഷം അറുന്നൂറോളം കർഷകരാണ് മരിച്ചത്. ഇവരുടെ ശരാശരി കൃഷിഭൂമി 2.94 ഏക്കർ മാത്രം. പാട്ടഭൂമിയിൽ കൃഷിചെയ്യുന്ന ഭൂരഹിത കർഷകരെക്കൂടി പരിഗണിച്ചാൽ ശരാശരി കൃഷിഭൂമി 2.26 ഏക്കർ. മരിച്ച 600ൽ 460 കർഷകരുടെ കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് വിശദാംശം ശേഖരിച്ചത്. മരിച്ചവരിൽ 80 ശതമാനവും പഞ്ചാബിലെ മാൾവയിലുള്ളവര്.
മരണങ്ങളിൽ ഭൂരിഭാഗവും മോശംകാലാവസ്ഥയെത്തുടർന്ന്. കടുത്ത ശൈത്യവും കൊടും ചൂടും കനത്ത മഴയും നേരിട്ടു. തുറന്ന അന്തരീക്ഷത്തിൽ കടുത്ത കാലാവസ്ഥകളെ നേരിടേണ്ടി വന്നത് പല കർഷകരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും മരണകാരണമാവുകയും ചെയ്തു. പലരുടെയും കുടുംബങ്ങൾ കടക്കെണിയിലാണ്.
30 വർഷമായി തുടരുന്ന കോർപറേറ്റ് അനുകൂല സാമ്പത്തിക പരിഷ്കാര നയങ്ങൾക്ക് ഒരു ബദൽ മുന്നോട്ടുവയ്ക്കാൻ കർഷകസമരത്തിനായി–- പഠനം വിലയിരുത്തി.ഇക്കണോമിക്സ് പ്രൊഫസർ ലഖ്വീന്ദർ സിങ്ങും സോഷ്യൽ സയൻസ് അസി. പ്രൊഫസർ ബൽദേവ് സിങ് ഷെർഗില്ലുമാണ് പഠനം നടത്തിയത്.