ന്യൂഡൽഹി
കർഷക സമരത്തിന് മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്ന് മുതിര്ന്ന ബിജെപി നേതാവ് കൂടിയായ മേഘാലയ ഗവർണർ സത്യപാൽ മാലിക്. പുതിയ പാർലമെന്റ് മന്ദിരത്തിന് പണം മുടക്കേണ്ടതിന് പകരം ലോകോത്തര നിലവാരമുള്ള കോളേജുകളാണ് വേണ്ടിയിരുന്നത്.
കർഷക പ്രക്ഷോഭം പോലെയുള്ള വൻപ്രതിഷേധം രാജ്യം മുമ്പ് കണ്ടിട്ടില്ലെന്നും ജയ്പുരിൽ ആഗോള ജാട്ട് സമ്മേളനത്തിൽ മാലിക് പറഞ്ഞു. 600 പേർ രക്തസാക്ഷികളായി. ഒരു മൃഗം ചത്താൽ പോലും ഡൽഹി നേതാക്കൾ അനുശോചനക്കുറിപ്പിടും. എന്നാൽ, 600 കർഷകർ മരിച്ചിട്ട് ഒരു വാക്കുപോലും ഉച്ചരിച്ചില്ല. പ്രധാനമന്ത്രിയെ കണ്ട് താൻ വിഷയം ധരിപ്പിച്ചു. സിഖുകാരെയും ജാട്ടുകളെയും തോൽപ്പിക്കാനാവില്ലെന്ന് പറഞ്ഞു. അവർക്കുനേരെ ബലപ്രയോഗം നടത്തരുതെന്നും അവരെ വെറുംകൈയോടെ പറഞ്ഞയക്കരുതെന്നും പറഞ്ഞു. കാരണം അവർ ഒന്നും മറക്കാറില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന് ശേഷം ഇന്ദിരയ്ക്ക് ജീവൻ ബലി കഴിക്കേണ്ടി വന്നു. അന്നത്തെ ജനറൽ എ എസ് വൈദ്യ പുണെയിൽ കൊല്ലപ്പെട്ടു. ജാലിയൻവാലാബാഗിന് കാരണക്കാരനായ ജനറൽ ഡയർ ലണ്ടനിൽ കൊല ചെയ്യപ്പെട്ടു. കാർഗിൽ യുദ്ധസമയത്ത് കർഷകരുടെ 20 വയസ്സുമാത്രം പ്രായമായ കുട്ടികളാണ് മല കയറിയത്. കർഷക സമരം ഒത്തുതീർപ്പാക്കാൻ താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.
“നിങ്ങൾ അധികാരത്തിലാണ്. ആ അഹങ്കാരത്തിൽ എന്തും ചെയ്യാം. എന്നാൽ, എന്താകും പ്രത്യാഘാതമെന്ന് അറിയുന്നില്ല. സേനയെപ്പോലും സമരം ബാധിച്ചു തുടങ്ങിയതായി രണ്ട് ജനറൽമാർ പറഞ്ഞു. കർഷക സമരത്തെക്കുറിച്ച് താൻ പറയുന്നത് ഡൽഹിയിലുള്ളവർക്ക് ഇഷ്ടപ്പെടില്ല. തന്നെ നിയമിച്ചത് ഡൽഹിയിലുള്ള രണ്ടു മൂന്ന് കരുത്തരാണ്. അവർ പറഞ്ഞാൽ പടിയിറങ്ങും. എന്നാൽ, കർഷകർക്കെതിരായ അതിക്രമം കണ്ടുനിൽക്കാനാവില്ല. അധികാരം ഇപ്പോൾ ഒന്നു രണ്ടു പേരുടെ കൈകളിലാണ്. അവരിപ്പോൾ നിലത്തല്ല നിൽക്കുന്നത്. ചെയ്യുന്നത് തെറ്റെന്ന് പിന്നീട് ബോധ്യപ്പെടും. കർഷകർ പരാജയപ്പെട്ട് മടങ്ങില്ല. സമരം അനന്തമായി തുടരും’–- മാലിക് പറഞ്ഞു.