ന്യൂഡൽഹി> ബിജെപി എംപിയെ കരിങ്കൊടി കാട്ടിയതിന് പൊലീസ് കള്ളക്കേസ് ചുമത്തിയതിനെതിരായി ഹരിയാനയിലെ ഹൻസിയിൽ വൻ കർഷകപ്രതിഷേധം. ആയിരക്കണക്കിനു കർഷകർ തിങ്കളാഴ്ച എസ്പി ഓഫീസ് ഉപരോധിച്ചു.
നർനൗദ് പൊലീസ് സ്റ്റേഷന് മുന്നിലെ രണ്ടു ദിവസത്തെ സമരത്തിനുശേഷമാണ് എസ്പി ഓഫീസിന് മുന്നിലേക്ക് കർഷകർ സമരം മാറ്റിയത്. മൂന്ന് കർഷകർക്കെതിരായി കേസെടുത്തത് പിൻവലിക്കണമെന്നാണ് ആവശ്യം. എംപിക്കെതിരായ സമരത്തിനിടെ പൊലീസ് മർദനത്തിൽ പരിക്കേറ്റ കുൽദീപ് സിങ് റാണയെന്ന കർഷകന്റെ നില ഗുരുതരമായി തുടരുകയാണെന്ന് സംയുക്ത കിസാൻ മോർച്ച പ്രസ്താവനയിൽ അറിയിച്ചു. റാണയുടെ ഭാര്യയും കുട്ടികളും തിങ്കളാഴ്ച ഹൻസിയിലെ സമരത്തിൽ പങ്കാളികളായി.
കേന്ദ്ര മന്ത്രിയെ പുറത്താക്കണം
കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകളുടെ പക്ഷപാതപരമായ അന്വേഷണത്തിലുള്ള ആശങ്കയാണ് കോടതി പ്രകടമാക്കിയത്. ഇനിയെങ്കിലും കേന്ദ്ര മന്ത്രിയെ പുറത്താക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണം.
ഹരിയാനയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരും കര്‍ഷകര്‍ക്കെതിരായി കള്ളക്കേസുകള്‍ ചുമത്തുന്നു. കര്‍ഷകരുടെ കൈ വെട്ടുമെന്നും കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്നുമാണ് ബിജെപി നേതാവ് അരവിന്ദ് ശര്‍മയുടെ ഭീഷണി. — കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറഞ്ഞു.