കൊച്ചി > എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമരത്തിന് ആശ്വാസകരമായ പര്യവസാനമായതായി ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു. വിദ്യാർഥി കേന്ദ്രീതവും സർഗാത്മകവും വിശാലവുമായ പാരസ്പര്യത്തിന്റെ ഇടങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ മാറട്ടെയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വാക്കുകൊണ്ടോ നോക്കുകൊണ്ടോ പോലും മാടമ്പിത്തരങ്ങളുടെ കിടുസായ ഇടിമുറികളായി നമ്മുടെ ഗവേഷണ കേന്ദ്രങ്ങളും കലാലയങ്ങളും മാറാതിരിക്കാൻ അധ്യാപക‐അക്കാദമിക വ്യക്തിത്വങ്ങൾ ആത്മപരിശോധനയോടെയുള്ള ജാഗ്രത പുലർത്തണം. ഗവേഷണ കേന്ദ്രങ്ങൾ കൂടുതൽ സ്വതന്ത്രവും നിർഭയവും സ്വച്ഛന്ദവുമായ അറിവന്വേഷണങ്ങളുടെ തുറന്ന ഇടങ്ങളാകട്ടെ. ജാതി‐മത‐ലിംഗ‐വർഗ്ഗപരമായ വിവേചനങ്ങൾ അവയെ തീണ്ടാതിരിക്കട്ടെ. സർവകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർഥികളുടേതാണ്. അതാരും മറക്കരുത്. പ്രത്യേകിച്ച് അധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമ്മയുണ്ടാകണം. അധ്യാപനം വലിയ ഉത്തരവാദിത്തമാണ്.
വിദ്യാർഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസിലാക്കേണ്ടത്, സാമൂഹ്യ നീതിയുടെ ഉത്തരവാദിത്തപൂർണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അധ്യാപകരുടെ ഉദാത്തമായ കടമയാണ്. പാരസ്പര്യമാണ് പഠനത്തിന്റെ ശരിയായ മാർഗം. ഉച്ചനീചത്വങ്ങളുടെ, മേൽ‐കീഴ് നിലകളുടെ അഴുക്കുചാലുകളാകാതെ, സമീകരണത്തിന്റെയും സാഹോദര്യത്തിന്റേയും മാനവികതയുടേയും ജീവജലധാരകളായി അവ സമൂഹത്തെ പുഷ്ക്കലമാക്കട്ടെയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി പറഞ്ഞു.
ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂർണരൂപം