കോട്ടയം: എം.ജി. സർവകലാശാലയിൽ നിരാഹാര സമരം നടത്തിവന്ന ഗവേഷക വിദ്യാർഥിനി ദീപാ മോഹനൻ സമരം അവസാനിപ്പിച്ചു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ദീപ സമരം അവസാനിപ്പിച്ചത്.
ഡോ. നന്ദകുമാർ കളരിക്കലിനെ ഐ.ഐ.യു.സി.എൻ.എന്നിൽനിന്ന് പുറത്താക്കിയിട്ടുണ്ടെന്നും തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചുവെന്നും ചർച്ചയ്ക്കു ശേഷം ദീപ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദീപയ്ക്ക് കൃത്യസമയത്ത് നൽകും. ഡോ. ഇ.കെ. രാധാകൃഷ്ണൻ ഗവേഷണ മാർഗദർശിയും ഡോ സാബു തോമസ് സഹമാർഗദർശിയുമായിരിക്കും.ഡോ. ബീന മാത്യുവിനെയും കോ ഗൈഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങൾ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കും തുടങ്ങിയ ഉറപ്പുകളാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ളത്.
കൂടാതെ, 2020മാർച്ച് 24 മുതൽ നാലുവർഷം ഗവേഷണകാലയളവ് ദീർഘിപ്പിച്ച് നൽകും, സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ല എന്നീ ഉറപ്പുകളും ദീപയ്ക്ക് ലഭിച്ചിട്ടുണ്ട്.
content highlights:deepa mohanan ends protest at mg university