കോലഞ്ചേരി > സിനിമാ ചിത്രീകരണങ്ങള്‍ തടസ്സപ്പെടുത്തി വീണ്ടും യൂത്ത് കോണ്‍ഗ്രസ്. ശ്രീനിവാസന് നായകനാകുന്ന ‘കീടം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കോലഞ്ചേരി പുത്തന്‍കുരിശ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ ഷൂട്ടിങ് സെറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു.
റോഡില്‍ ഷൂട്ടിങ് നടത്തിയെന്നും, സര്‍ക്കാര്‍ റെസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ നടന് ജോജു ജോര്‍ജിനെതിരെയായിരുന്നു മുദ്രാവാക്യങ്ങള്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു പ്രതികരിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെ കയ്യേറ്റം ചെയ്യുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ജോജു നല്കിയ പരാതിയില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. ഇതോടെയാണ് സിനിമാ ചിത്രീകരണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രത്തിന്റെ ലൊക്കേഷനിലേക്കും യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ നേതാക്കള്‍ തമ്മില്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടി. പൊലീസ് ഇടപെട്ടാണ് അവിടെയും രംഗം ശാന്തമാക്കിയത്.