ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ ലംഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. കേസിന്റെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി, അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പുരോഗതിയുമില്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം.
കേസില്‍ 68 സാക്ഷികളുണ്ടെന്ന് പറയുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലില്ല. ഒരു പ്രതിയുടേത് ഒഴികെ മറ്റുള്ള പ്രതികളുടെ മൊബൈല്‍ഫോണ്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്നും കോടതി ആരാഞ്ഞു. മറ്റുള്ളവര്‍ക്ക് സെല്‍ഫോണ്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന് ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. വിശദീകരണം തൃപ്തികരമെല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്കാന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി അറിയിച്ചത്. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തുള്ള രണ്ടു ജഡ്ജിമാരുടെ പേരും കോടതി സൂചിപ്പിച്ചു. ഇതില്‍ തീരുമാനം അറിയിക്കാന്‍ സാവകാശം വേണമെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ അറിയിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയ്ക്കകം തീരുമാനം അറിയിക്കാന്‍ സുപ്രീംകോടതി യു പി സര്‍ക്കാരിന് നിര്‍ദേശം നല്കി.