കോഴിക്കോട്:വർധിപ്പിച്ച ഇന്ധന നികുതി കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ചക്രസ്തംഭന സമരത്തിൽ കോഴിക്കോട്ട് ഉദ്ഘാടകനും കുടുങ്ങി. കോഴിക്കോട്ടെ പരിപാടിക്ക് കെ. മുരളീധരനായിരുന്നുഉദ്ഘാടനത്തിന് എത്തേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വാഹനവും സമരത്തിൽ കുടങ്ങിയതോടെയാണ് സമയത്ത് എത്താനാകാതിരുന്നത്.
11 മണിക്കുതന്നെ മാനാഞ്ചിറയിൽ പരിപാടി തുടങ്ങിയിരുന്നെങ്കിലും കെ. മുരളീധരൻ എത്തിയത് പരിപാടി കഴിഞ്ഞ് 11.25 ന് ആണ്. അപ്പോഴേക്കും സമരപരിപാടി കഴിഞ്ഞ് വാഹനം ഒരു വശത്ത് കൂടി കടത്തിവിടാൻ തുടങ്ങിയിരുന്നു.
എന്നാൽ, താൻ വൈകിയതല്ലെന്നും എല്ലാവരും സമരത്തിൽ പങ്കെടുക്കേണ്ടതിനാൽ വാഹനംനിർത്തിയിട്ടതാണെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് ഭരിക്കുന്ന സർക്കാരുകൾ ഇന്ധന നികുതി കുറക്കാത്തത് എന്തുകൊണ്ടാണെന്നാണ് സംസ്ഥാന സർക്കാർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചാബ് സർക്കാർ വിലകുറച്ചു.മറ്റ് കോൺഗ്രസ് സർക്കാരുകളും നികുതി കുറക്കാനിരിക്കുകയാണ്. ഇക്കാര്യമെങ്കിലും കേരള സർക്കാർ ചെയ്യുമോ എന്ന് കെ. മുരളീധരൻ ചോദിച്ചു. കക്കുന്നവരെ തുറന്ന് കാട്ടാനാണ് കോൺഗ്രസ് സമരമെന്നും ഇനിയും പിൻവലിച്ചില്ലെങ്കിൽ പതിനഞ്ച് മിനിറ്റ് സമരമായിരിക്കില്ല കാണുകയെന്നും കെ. മുരളീധരൻ പറഞ്ഞു.