തിരുവനന്തപുരം > ഇന്ധനവില വർധനവിനെതിരായ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിൽ പങ്കെടുക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാവിലെ 11 മുതൽ 15 മിനിറ്റ് ആയിരുന്നു സമരം. റോഡ് ഉപരോധത്തോടുള്ള എതിർപ്പ് സതീശൻ നേരത്തെ പരസ്യമാക്കിയിരുന്നു. നിയമസഭ ഉള്ളതിനാലാണ് പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം. എന്നാൽ നിയമസഭക്കടുത്ത് പാളയത്തും കോൺഗ്രസിന്റെ സമരം ഉണ്ടായിരുന്നു.
അതേസമയം എല്ലാ നേതാക്കളും എല്ലായിടത്തും പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാദം. കെപിസിസിയിൽ നിന്ന് ഇന്ന് രാവിലെ ലഭിച്ച അറിയിപ്പിലും വി ഡി സതീശൻ കെ സുധാകരനൊപ്പം സെക്രട്ടറിയറ്റിന് മുന്നിലെ സമരത്തിൽ പങ്കെടുക്കും എന്നായിരുന്നു വിവരം. വൈറ്റിലയിൽ നടൻ ജോജു ജോർജിന്റെ കാർ തകർക്കാനിടയായ സമരത്തോടും സതീശൻ വിയോജിച്ചിരുന്നു. ഇന്നത്തെ സമരത്തിൽ പങ്കെടുത്തിരുന്നെങ്കിൽ അത് മുൻ നിലപാടുകൾക്ക് വിരുദ്ധമായി ചിത്രീകരിക്കപ്പെടും എന്നതിനാലാണ് സതീശൻ പിന്മാറിയതെന്നാണ് പറയുന്നത്. ഇതിൽ പാർട്ടിക്കകത്തും മുറുമുറുപ്പുണ്ട്.