തിരുവനന്തപുരം: മുല്ലപ്പെരിയർ മരം മുറി ഉത്തരവ് വിവാദത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം നിയമസഭയിൽ. ഉത്തരവ് മന്ത്രി അറിഞ്ഞില്ലെങ്കിൽ എന്തിന് ആ കസേരയിൽ ഇരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ചോദിച്ചു.
ഉത്തരവ് ഇറങ്ങിയത് കെ-റെയിലിനെക്കാൾ വേഗത്തിലായിരുന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു.സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.വൈൽഡ് ലൈഫ് ബോർഡ് ചെയർമാനായ മുഖ്യമന്ത്രിയും വൈസ് ചെയർമാനായ വനം മന്ത്രിയും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്ന് വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല കേരളത്തിലെ പൗരസമൂഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, ബേബി ഡാമിന്റെ പരിസരത്തെ23 മരങ്ങൾ മുറിക്കാനായി തമിഴ്നാട് ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആവശ്യപ്പെട്ടിരുന്നു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് – ചീഫ് വൈൽഡ്ലൈഫ് വാർഡൻ 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിക്കൊണ്ട് നവംബർ 5ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ വന്നത് നവംബർ 6-നാണ്. ഉടൻതന്നെ സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി തിരുവഞ്ചൂർ രാധാകൃഷണന് മറുപടിയായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായി സർക്കാർ ഒരു നടപടിയും കൈക്കൊള്ളുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights:opposition lashes out at government on mullaperiyar tree cutting issue