പാലക്കാട്: ഇന്ധനവില വർദ്ധനവിനെതിരായി കോൺഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പാലക്കാട് സുൽത്താൻപേട്ട് ജങ്ഷനിൽവെച്ച് വി.കെ. ശ്രീകണ്ഠൻ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
നാല് റോഡുകൾ ചേരുന്ന സുൽത്താൻപേട്ട് ജങ്ഷനിൽ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാൽ തങ്ങൾ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോൺഗ്രസ് പ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇതാണ് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളിലേക്ക്നയിച്ചത്. വി.കെ. ശ്രീകണ്ഠൻ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുക്കാനായി സ്ഥലത്തെത്തിയിരുന്നു.
പതിനഞ്ചു മിനിറ്റാണ് സംസ്ഥാന വ്യാപകമായി പൊതുനിരത്തുകളിൽ വാഹനം നിർത്തിയിട്ടുകൊണ്ടുള്ള കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലും പാലക്കാടിന് സമാനമായി കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 11.15 വരെയാണ് സമരം നടത്തിയത്.
Content Highlights:state wide congress protest conflict in palakkad