അബുദാബി
ഒറ്റവെടിയിൽ കിവികൾ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും മോഹങ്ങളെ ചാമ്പലാക്കി. ഗംഭീര പ്രകടനത്തോടെ അവർ ട്വന്റി 20 ലോകകപ്പ് സെമിയിലേക്ക് കുതിച്ചു. എട്ട് വിക്കറ്റിനാണ് അഫ്ഗാനെ തോൽപ്പിച്ചത്. ഗ്രൂപ്പ് രണ്ടിൽ പാകിസ്ഥാനോടൊപ്പമാണ് ന്യൂസിലൻഡിന്റെ മുന്നേറ്റം. സെമിയിൽ ഇംഗ്ലണ്ടായിരിക്കും എതിരാളികൾ. പാകിസ്ഥാനും ഓസ്ട്രേലിയയും മറ്റൊരു സെമിയിൽ ഏറ്റുമുട്ടും.
ഗ്രൂപ്പ് രണ്ടിലെ നിർണായകപോരാട്ടത്തിൽ ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പേരുകേട്ട ബൗളിങ് നിരയുള്ള കിവികൾക്ക് അഫ്ഗാൻ ബാറ്റർമാർ വെല്ലുവിളി ഉയർത്തിയില്ല. 8–-124ൽ അഫ്ഗാൻ ഒതുങ്ങി. ന്യൂസിലൻഡ് 11 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ജയംനേടി. അഞ്ച് കളിയിൽ നാലിലും ജയിച്ചാണ് അവരുടെ മുന്നേറ്റം.
കിവീസ് പേസ് ത്രയം അഫ്ഗാനെ വിറപ്പിച്ചു. ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റെടുത്തപ്പോൾ രണ്ടെണ്ണം ടിം സൗത്തിയും ഒരെണ്ണം ആദം മിൽനെയും നേടി. ജിമ്മി നീഷവും സ്പിന്നർ ഇഷ് സോധിയും ഒരോ വിക്കറ്റ് സ്വന്തമാക്കി. 48 പന്തിൽ 73 റണ്ണെടുത്ത നജീബുള്ള സദ്രാൻ മാത്രം അഫ്ഗാൻ നിരയിൽ പൊരുതി. മൂന്ന് സിക്സറും ആറ് ഫോറുമായിരുന്നു നജീബിന്റ ഇന്നിങ്സിൽ. മറ്റാരും പിന്തുണ നൽകിയില്ല.
മറുപടിക്കെത്തിയ കിവീസിന് മാർടിൻ ഗുപ്റ്റിലും (23 പന്തിൽ 28) ഡാരിൽ മിച്ചെലും (12 പന്തിൽ 17) ഭേദപ്പെട്ട തുടക്കം നൽകി. ക്യാപ്റ്റൻ കെയ്ൻ വില്യംസണും (42 പന്തിൽ 40) ഡെവൺ കോൺവെയും ചേർന്ന് ജയമൊരുക്കി.