തിരുവനന്തപുരം
ന്യായാധിപന്മാർ ഭയവും പക്ഷപാതവും വൈരാഗ്യവും കൂടാതെ ഭരണഘടനയെ ഉയർത്തിപ്പിടിക്കേണ്ടവരാണെന്നും അത് നടപ്പാക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. പി ജി സംസ്കൃതികേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ പി ഗോവിന്ദപ്പിള്ള ദേശീയ പുരസ്കാരം മനുഷ്യാവകാശ പ്രവർത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. പ്രശാന്ത് ഭൂഷണ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മപരിശോധന ഇല്ലെങ്കിൽ ചരിത്രം മാപ്പുതരില്ല. ഭരണഘടന നിരന്തരമായി ആക്രമിക്കപ്പെടുമ്പോൾ അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നീതിന്യായവകുപ്പിനുണ്ട്. അന്തസ്സോടുകൂടി ആ ഉത്തരവാദിത്വം കൈകാര്യം ചെയ്യാനുള്ള കാലാവസ്ഥ രാജ്യത്തുണ്ടാകണം. അപ്രിയ സത്യം തുറന്നുപറയാൻ മടിക്കുന്ന രംഗങ്ങൾ സിഎജി ഓഫീസിൽനിന്ന് പോലും ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
ജനങ്ങൾ നീതിന്യായ വകുപ്പിനെ വിമർശിക്കുകയും വകുപ്പിലെ പരിഷ്കാരങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്താൽ മാത്രമേ ഭരണഘടന നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമാകുവെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനായി. പുരസ്കാര നിർണയ സമിതി ചെയർമാൻ എം എ ബേബി ആമുഖപ്രഭാഷണം നടത്തി. പി ജി സംസ്കൃതി കേന്ദ്രം വൈസ് ചെയർമാൻ ഡോ. ബി ഇക്ബാൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ആനാവൂർ നാഗപ്പൻ, പി ഗോവിന്ദപ്പിള്ളയുടെ മകളും സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ ആർ പാർവതീദേവി എന്നിവർ സംസാരിച്ചു. മന്ത്രി വി ശിവൻകുട്ടി പങ്കെടുത്തു.