കാബൂള്‍
അഫ്ഗാന് സ്വന്തമായി വ്യോമസേന രൂപീകരിക്കുന്നതിനും സൈനികശേഷി വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാക്കുമെന്ന് താലിബാന്. മുന്‍ സര്‍ക്കാരിന്റെ വ്യോമസേനയുടെ ഭാഗമായിരുന്നവരെ ഉള്‍പ്പെടുത്തിയാണ് പുതിയ സേന രൂപീകരിക്കാന്‍ പദ്ധതിയിടുന്നതെന്ന് താലിബാൻ ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയീദ് ഖോസ്തി പറഞ്ഞു.
അഷ്റഫ് ഗനി സര്‍ക്കാരില്‍ സേനാംഗങ്ങളായിരുന്നവര്ക്ക് പൊതുമാപ്പ് നല്‍കിയിട്ടുണ്ടെന്നും സ്വന്തം രാജ്യത്തെ സഹായിക്കാനായി തിരികെയെത്തി സേവനം പുനരാരംഭിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താലിബാൻ വക്താവ് ബിലാൽ കരിമി പറഞ്ഞു.താലിബാന് ഭരണം പിടിച്ചെടുക്കുന്നതിനുമുമ്പ് അഫ്ഗാന് സര്‍ക്കാരിന് ഇരുനൂറോളം യുദ്ധവിമാനമുള്ള വ്യോമസേനയുണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും തങ്ങള്‍ പിടിച്ചെടുത്തെന്ന് താലിബാന് മുമ്പ് അവകാശപ്പെട്ടിരുന്നു.
‘ മറ്റ് തോക്കുധാരികളെ വാഹനത്തില്‍ കയറ്റരുത്’
തങ്ങളുടെ സംഘടനകളുടെ ഭാഗമല്ലാത്ത തോക്കുധാരികളെ വാഹനത്തില്‍ കയറ്റരുതെന്ന് ടാക്സി ഡ്രൈവർമാരോട് താലിബാൻ. കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ഡ്രൈവര്‍മാര്‍ക്കാണ് താലിബാന് നിര്‍ദേശം നല്‍കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് നീക്കമെന്നും ടാക്സികളിൽ തോക്കുധാരികളെന്ന് സംശയിക്കുന്നവരെ കണ്ടാൽ അറിയിക്കണമെന്നും താലിബാന് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യകളിൽ സജീവമായി പ്രവർത്തിക്കുന്ന ഐഎസ്ഐഎസ്-കെ ഭീകരരെ ലക്ഷ്യംവച്ചുള്ള പ്രസ്താവനയാണിതെന്നാണ് വിലയിരുത്തുന്നത്.