തിരുവനന്തപുരം
മാലിന്യസംസ്കരണം നിരീക്ഷിക്കാൻ ഇനി ജിപിഎസ് സംവിധാനം. അംഗീകൃത ഏജൻസിയുടെ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ജിപിഎസ്വഴി മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ക്ലീൻ കേരള കമ്പനി ജില്ലാ–- സംസ്ഥാന ആസ്ഥാനങ്ങളിൽ ലഭിക്കും. ഇതിനായി പ്രത്യേക ചുമതലക്കാരെയും നിയോഗിച്ചു. കമ്പനിയുമായി കരാറിൽ ഏർപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി.
ഹരിതകർമ സേന ശേഖരിക്കുന്ന പുനരുപയോഗ സാധ്യമല്ലാത്ത മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിൽ പരാതികൾ ഉയർന്നിരുന്നു. ഇതോടെയാണ് മാലിന്യം വാഹനത്തിൽ കയറ്റുന്നതുമുതൽ അവയുടെ സഞ്ചാരം, സംസ്കരണം എന്നിവ ഉൾപ്പെടെ നിരീക്ഷിക്കാൻ തീരുമാനിച്ചത്.
ക്ലീൻകേരള കമ്പനിയുമായി കരാറിലേർപ്പെട്ട 14 ഏജൻസി പ്രധാനമായും സിമന്റ് കമ്പനികൾക്കാണ് മാലിന്യം നൽകുന്നത്. സിമന്റ് കമ്പനികൾ ചെരുപ്പ്, ബാഗ്, മിക്സഡ് പ്ലാസ്റ്റിക് എന്നിവ പ്രകൃതിദത്ത ഇന്ധനത്തിന് പകരം മാലിന്യത്തിൽനിന്ന് തിരിച്ചെടുക്കുന്ന ഇന്ധനമായി (റെഫ്യൂസ്ഡ് ഡിറൈവ്ഡ് ഫ്യുവൽ) ഫർണസിൽ ഉപയോഗിക്കുന്നു. ഇതിന്റെ ചാരവും സിമന്റിന് ഉപയോഗിക്കും. നിലവിൽ മാലിന്യം നൽകുന്ന തിരുച്ചി, ബംഗളൂരു എന്നിവിടങ്ങളിലെ സിമന്റ് കമ്പനികളിൽ കൃത്യമായി ഇവ എത്തിയോയെന്നും നിരീക്ഷിക്കും. വർഷം 15,000 ടൺ മാലിന്യം സിമന്റ് കമ്പനികൾക്ക് നൽകാനാകുമെന്ന് ക്ലീൻ കേരള കമ്പനി എംഡി പി കേശവൻനായർ പറഞ്ഞു. മലബാർ സിമന്റ്സിൽ പ്രത്യേക ഫർണസ് സ്ഥാപിക്കുന്നത് നാഷണൽ കൗൺസിൽ ഫോർ സിമന്റ്സ് ആൻഡ് ബിൽഡിങ് മെറ്റീരിയൽസുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
9 മാസം; ശേഖരിച്ചത് 1.6 കോടി കിലോ മാലിന്യം
സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 1,16,27,677.69 കിലോഗ്രാം മാലിന്യം. ഇതിൽ 16,14,497.84 കിലോഗ്രാം പുനരുപയോഗ മാലിന്യവും 97,81,722.85 കിലോ പുനരുപയോഗിക്കാനാകാത്തതുമാണ്. ഗ്ലാസ് 2,05,718.00 കിലോ. വസ്ത്രം 2,909.00 കിലോ. ചെരുപ്പ് 21,480.00 കിലോ. 1,350.00 കിലോ മാലിന്യം ഇതിലൊന്നും പെടാത്തവയാണ്.
സംസ്ഥാനത്തെ 771 തദ്ദേശഭരണ സ്ഥാപനവുമായാണ് ക്ലീൻ കേരള കമ്പനി കരാരിൽ ഏർപ്പെട്ടത്. ഈ കാലയളവിൽ 1,08,10,474.85 രൂപ ഹരിതകർമ സേനാംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനി നൽകിയിട്ടുണ്ട്.