കൽപ്പറ്റ
വയനാട്ടിലെ മീനങ്ങാടിയിൽ നടപ്പാക്കിയ കാർബൺ ന്യൂട്രൽ പദ്ധതി ലോകത്തിന് വഴികാട്ടിയാവുന്നു. കഴിഞ്ഞ ദിവസം സ്കോട്ട്ലൻഡിൽ സമാപിച്ച ഗ്ലാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ ഉയർന്ന ഹരിത നിക്ഷേപം വേണമെന്ന ചർച്ചയുടെ ചുവടുപിടിച്ച് മീനങ്ങാടി പഞ്ചായത്ത് മാതൃക രാജ്യത്ത് വ്യാപിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആലോചന.
അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിന് മരങ്ങൾ നട്ടുപിടിപ്പിക്കുന്ന കാർബൺ ന്യൂട്രൽ പദ്ധതിക്ക് 2016ൽ ആണ് എൽഡിഎഫ് സർക്കാരും മീനങ്ങാടി പഞ്ചായത്ത് ഭരിച്ചിരുന്ന എൽഡിഎഫ് ഭരണസമിതിയും തുടക്കമിട്ടത്. അന്നത്തെ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കാണ് കാർബൺ ന്യൂട്രൽ എന്ന ആശയം പറയുന്നതും പഞ്ചാത്തിനോട് നടപ്പാക്കാൻ നിർദേശിക്കുന്നതും. പഞ്ചായത്തിന്റെ തനത് ഫണ്ട്, എൻആർഇജി, ശുചിത്വമിഷൻ എന്നിവയിലൂടെ പദ്ധതി തുടങ്ങി. സ്വകാര്യ, പൊതുഭൂമിയിൽ മരങ്ങൾ നട്ടു. വീടുകളിൽ വിറക് അടുപ്പ് ഒഴിവാക്കി കണ്ണൂർ എൻജിനിയറിങ് കോളേജിലെ വിദ്യാർഥികളുടെ സഹായത്തോടെ പ്രത്യേകം അടുപ്പുകൾ നിർമിച്ചു.
ജനകീയ പങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്തി. കുടുംബശ്രീ യൂണിറ്റുകളെയും തൊഴിലുറപ്പ് പദ്ധതിയും ഫലപ്രദമായി ഉപയോഗിച്ചു. മേൽനോട്ടത്തിനായി ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുണ്ടാക്കി.
മാനികാവ് ക്ഷേത്രത്തിലെ 37 ഏക്കറിൽ ‘പുണ്യവനം’ പദ്ധതിയിൽ മരങ്ങൾ നട്ടുപിടിപ്പിച്ചു. എഴുനൂറിലധികം കുളങ്ങൾ നിർമിച്ചു. ജൈവ കൃഷി പ്രോത്സാഹിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പൊടിച്ച് ടാറിൽ ചേർക്കുന്ന പ്രവർത്തനം തുടങ്ങി. കാർബൺ ന്യൂട്രൽ തോട്ടങ്ങളിൽ വളരുന്ന വയനാടൻ കാപ്പി ബ്രാൻഡ് ചെയ്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കലും പദ്ധതി ലക്ഷ്യമാണ്. ജില്ല മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടികളെടുത്തു.
മരം നടാൻ ബാങ്ക് വായ്പ–-ട്രീ ബാങ്കിങ്
കാർബൺ ന്യൂട്രലിന്റെ ഭാഗമായി 2018ൽ ട്രീ ബാങ്കിങ്ങ് ആരംഭിച്ചു. മരം നടാൻ കർഷകർക്ക് ബാങ്ക് വായ്പ നൽകുന്നതാണ് പദ്ധതി. തൈകൾ പഞ്ചായത്ത് നൽകും. മരം ഒന്നിന് 50 രൂപ വർഷംതോറും വായ്പ നൽകും. മരംവെട്ടുമ്പോൾ തുക തിരിച്ചടച്ചാൽ മതി. ഇതിനായി സംസ്ഥാന സർക്കാർ ബജറ്റിൽ 10 കോടി രൂപ വകയിരുത്തി. 10 വർഷം കർഷകർ പരിപാലിക്കണം. അടിയന്തരഘട്ടത്തിൽ മരംമുറിക്കണമെങ്കിൽ പഞ്ചായത്തിന് പണം തിരികെനൽകണം. പകരം കർഷകൻ മറ്റൊരു വൃക്ഷത്തൈ നടണം. 1.27 ലക്ഷം വൃക്ഷത്തൈ നട്ടു. ജിയോടാഗ് പൂർത്തിയാക്കിയ മരങ്ങൾക്കായി ഇതുവരെ 3,72,950 രൂപ കർഷകർക്ക് നൽകി.