തിരുവനന്തപുരം
കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിയതോടെ പുകഞ്ഞു തുടങ്ങിയ പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ സുധാകരൻ നടത്താനൊരുങ്ങുന്ന പുനഃസംഘടനയെ പരസ്യമായി വെല്ലുവിളിച്ച് മുൻപ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും രംഗത്തെത്തി.
പുനഃസംഘടന അധാർമികമാണെന്ന് മുല്ലപ്പള്ളി തുറന്നടിച്ചു. സുധാകരന്റെ ആരാധകവൃന്ദമായ ‘കെ എസ് ബ്രിഗേഡിന് ’ ഫാസിസ്റ്റ് സ്വഭാവമാണെന്ന് സുധീരനും പ്രതികരിച്ചു. ഹൈക്കമാൻഡ് പലതവണ ഇടപെട്ടെങ്കിലും സുധാകരനോടുള്ള എതിർപ്പ് അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പുകൾ. പുനഃസംഘടനയ്ക്ക് എതിരെ എ, ഐ ഗ്രൂപ്പുകളും ഹൈക്കമാൻഡിന് പരാതി നൽകാൻ ഒരുങ്ങുകയാണ്. സുധാകരൻ പറയുന്ന സെമികേഡറിനെക്കുറിച്ച് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ആവർത്തിച്ചു.
സുധാകരന് മറുപടി പൊതുസമൂഹം നൽകും : മുല്ലപ്പള്ളി രാമചന്ദ്രൻ
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞാൽ പുനഃസംഘടന നടത്തുന്നത് അധാർമികമാണെന്നും കെ സുധാകരൻ കെപിസിസി പ്രസിഡന്റായിരിക്കുമ്പോഴുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ജനം വിലയിരുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇന്നേവരെ ആരോടും വൈരാഗ്യ ബുദ്ധിയോടെ പെരുമാറിയിട്ടില്ല. പരമാവധി മൗനം പാലിക്കാനാണ് ശ്രമിക്കുന്നത്. മൗനം വാചാലമാണെന്ന് സമൂഹത്തിന് അറിയാം. സുധാകരന് മറുപടി പൊതുസമൂഹം നൽകും. പ്രസിഡന്റാകാൻ മത്സരിക്കുന്ന ആൾ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത് വിശ്വാസ്യത തകർക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ എസ് ബ്രിഗേഡിന് ഫാസിസ്റ്റ് സ്വഭാവം : വി എം സുധീരൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ആരാധകവൃന്ദമായ കെ എസ് ബ്രിഗേഡ് ഫാസിസ്റ്റ് സ്വഭാവത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് വി എം സുധീരൻ പറഞ്ഞു. സുധാകരനെ എതിർക്കുന്നവരെ തേജോവധം ചെയ്യുന്നതാണ് കെ എസ് ബ്രിഗേഡിന്റെ രീതി. കെപിസിസി അധ്യക്ഷൻ, പദവിക്ക് ചേരാത്ത പ്രവർത്തനം അവസാനിപ്പിക്കണമെന്നും സ്വകാര്യചാനൽ പരിപാടിയിൽ സുധീരൻ പറഞ്ഞു. പരസ്യപ്രസ്താവന പാടില്ലെന്നുപറഞ്ഞ സുധാകരൻതന്നെ അത് ലംഘിച്ചു. മുൻഗാമികളെ നിന്ദിക്കുന്നത് അദ്ദേഹം ഇപ്പോൾ ഇരിക്കുന്ന കസേരയുടെ അന്തസ്സിന് ചേർന്നതല്ലെന്നും സുധീരൻ പറഞ്ഞു.