തിരുവനന്തപുരം
മുല്ലപ്പെരിയാറിനുസമീപം ബേബി ഡാം പ്രദേശത്തെ 15 മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉത്തരവ് വനംവകുപ്പ് മരവിപ്പിച്ചു. വിവരം തമിഴ്നാടിനെ ഉടൻ അറിയിക്കും. ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറിക്കാനുള്ള ഉത്തരവ് ഇറക്കിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ചീഫ് വൈൽഡ്ലൈഫ് വാർഡനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ വനംമന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. നിർദിഷ്ട സ്ഥലം പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായതിനാൽ മരം മുറിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ദേശീയ വൈൽഡ്ലൈഫ് ബോർഡ് സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയുടെ അനുമതി വേണം. ഇതു കണക്കിലെടുത്താണ് മരവിപ്പിച്ചത്.
ചീഫ് വൈൽഡ്ലൈഫ് വാർഡന്റെ വിശദീകരണം, ഉത്തരവിറക്കാനിടയായ സാഹചര്യങ്ങൾ, മറ്റു നിയമവശങ്ങൾ എന്നിവ പരിശോധിക്കുന്നുണ്ട്. തുടർന്ന്, ഉത്തരവ് റദ്ദാക്കാനുള്ള നടപടിയുണ്ടാകും.
ഗുരുതരവീഴ്ച; കർശന നടപടി
മരംമുറിക്കാൻ അനുമതി നൽകി ഉത്തരവിട്ടതിൽ ഗുരുതര വീഴ്ചയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഉത്തരവ് ഇറക്കുംമുമ്പ് സർക്കാരുമായും മന്ത്രിയുമായും ചർച്ച നടത്തേണ്ടിയിരുന്നു. സാധാരണഗതിയിൽ മരംമുറിക്കാൻ അപേക്ഷ ലഭിച്ചാൽ മന്ത്രി അറിയണമെന്നില്ല. ജനങ്ങളെ സാരമായി ബാധിക്കുന്ന അസാധാരണ വിഷയമാണിത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിപ്പിക്കാനുള്ള തമിഴ്നാടിന്റെ ആവശ്യം നിലനിൽക്കുന്നുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ വിഷയം സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ഇതിൽ ചർച്ച വേണ്ടിയിരുന്നു. അത് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണ്. കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കും. ഉത്തരവ് ഇറക്കാൻ എന്താണ് പ്രേരിപ്പിച്ചതെന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ മന്ത്രിക്ക് നേരിട്ട് സസ്പെൻഡ് ചെയ്യാനാകില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
അതിനിടെ, ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിതല യോഗതീരുമാനപ്രകാരമാണ് ഉത്തരവിറക്കിയതെന്ന് വിശദീകരിച്ച് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഞായറാഴ്ച ഉച്ചയോടെ വനംമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകി. മുല്ലപ്പെരിയാർ വിഷയത്തിൽ ഉദ്യോഗസ്ഥതലത്തിൽ ഒന്നിലധികം യോഗങ്ങൾ ചേർന്നിരുന്നു. അതിലൊന്നിൽ ഈ വിഷയം വന്നിരുന്നുവെന്നും യോഗത്തിന്റെ മിനിറ്റ്സ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിശദീകരണത്തിലുണ്ട്.