ചെന്നൈ
ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും കനത്തമഴ. ശനി രാത്രിമുതൽ പെയ്ത മഴയിൽ പലയിടത്തും വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ പൂണ്ടി, ചെമ്പരമ്പാക്കം, പുഴൽ എന്നീ ജലസംഭരണികൾ തുറന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നാല് സംഘത്തെ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ നിയോഗിച്ചിട്ടുണ്ട്. ചെങ്കൽപ്പേട്ട്, തിരുവള്ളൂർ എന്നിവിടങ്ങളിൽ ഓരോ സംഘവും മധുരയിൽ രണ്ട് സംഘവുമാണുള്ളത്.
സെയ്ദാപേട്ട്, വേളാച്ചേരി, ആദമ്പാക്കം, മടിപ്പാക്കം, വെസ്റ്റ് മംമ്പാലം എന്നിവിടങ്ങളിൽ മൂന്നടിയോളം വെള്ളം കയറി.വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഏതാനും ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ട്രെയിൻ, വിമാന സർവീസുകൾ വൈകി. മെട്രോ റെയിൽ ഗതാഗതം തടസ്സപ്പെട്ടില്ല. വെള്ളം കയറിയ പ്രദേശങ്ങൾ മുഖ്യമന്ത്രി സ്റ്റാലിൻ സന്ദർശിച്ചു. ഇതിനുമുമ്പ് 2015ൽ കനത്ത മഴയെതുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു.
മൂന്ന് ദിവസംകൂടി വ്യാപകമഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ തീരത്ത് ബംഗാൾ ഉൾക്കടലിന് തെക്കുകിഴക്കായി ന്യൂനമർദം രൂപംകൊണ്ടിട്ടുണ്ട്. ചൊവ്വയോടെ ചുഴലിക്കാറ്റായേക്കും. ഇത് 48 മണിക്കൂറിനകം തമിഴ്നാട് തീരത്തേക്ക് നീങ്ങിയേക്കും. ഇതിന്റെ സ്വാധീനത്തിൽ ചെന്നൈ, വില്ലുപുരം, കടലൂർ തുടങ്ങിയ ഇടങ്ങളിൽ മഴയുണ്ടാകും. ചൊവ്വ കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി തുടങ്ങിയ ഇടങ്ങളിൽ മിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.