ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ (സിപിസി) ആറാമത് പ്ലീനം തിങ്കളാഴ്ച തുടങ്ങും. ജനറൽ സെക്രട്ടറി ഷി ജിൻപിങ്ങും മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം മുന്നൂറിലധികം പ്രതിനിധികൾ സുപ്രധാന സമ്മേളനത്തില്‍ പങ്കെടുക്കും.
പാർടിയുടെ 100 വര്‍ഷത്തെ പോരാട്ടത്തിന്റെ നേട്ടങ്ങളും ചരിത്രാനുഭവങ്ങളും അടിസ്ഥാനമാക്കി അടുത്ത നൂറ്റാണ്ടിൽ ചൈനയെ നയിക്കേണ്ടതെങ്ങനെയെന്ന നയരൂപീകരണം ലക്ഷ്യമിട്ടാണ് പ്ലീനം ചേരുന്നത്. മൂന്നാം തവണയാണ് ഇത്തരത്തിൽ ‘ചരിത്രപരമായ’ പ്രമേയം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി അവതരിപ്പിക്കുന്നത്. 1945-ൽ മൗ സെ ദൊങ്ങിന്റെയും 1981ൽ ഡെങ് സിയാവോ പിങ്ങിന്റെയും നേതൃത്വ കാലത്തായിരുന്നു മുമ്പ് രണ്ടുതവണ പ്രമേയം അവതരിപ്പിച്ചത്. സുപ്രധാന സാമ്പത്തിക സാമൂഹ്യ വിഷയങ്ങൾ ചർച്ചയാകുന്ന യോഗം 11ന് സമാപിക്കും.
കോവിഡ് സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച ചൈനയിൽ പുതുതായി 74 കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. യോഗം നടക്കാനിരിക്കുന്ന മേഖലയിലും പുതിയ രോഗികളുണ്ട്. യാത്രകൾക്ക് കർശന നിയന്ത്രണമുണ്ട്.