കോയമ്പത്തൂർ > രണ്ട് വർഷം മുമ്പ് ആനമല കടുവാ സങ്കേതത്തിനുള്ളിലെ (എടിആർ) കല്ലാർ സെറ്റിൽമെന്റിലെ പരമ്പരാഗത വാസസ്ഥലങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 23 അദിവാസി കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചു. വനാവകാശ നിയമപ്രകാരം ബദൽ ഭൂമി എന്ന ആവശ്യമുന്നയിച്ച് അഖിലേന്ത്യാ കിസാൻ സഭയുടെയും തമിഴ്നാട് ട്രൈബൽ അസോസിയേഷന്റെയും ഏകതാ പരിഷത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് ഭൂമി ലഭ്യമായത്.
2019 ഓഗസ്റ്റ് 20-നാണ് എടിആറിലെ കല്ലാർ സെറ്റിൽമെന്റിൽ നിന്ന് കാടാർ വിഭാഗത്തിലെ 90 ഓളം അംഗങ്ങൾ ഉൾപ്പെടുന്ന 23 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത്. സെറ്റിൽമെന്റിലെ പരമ്പരാഗത വാസസ്ഥലങ്ങളിൽ ഭൂരിഭാഗവും മണ്ണിടിച്ചിലിൽ തകർന്നതോടൊ ഇവർ പ്രദേശത്ത് താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുകയായിരുന്നു. ഈ ഷെൽട്ടറുകൾ പോലീസിന്റെയും റവന്യൂ അധികൃതരുടെയും പിന്തുണയോടെ വനംവകുപ്പ് നീക്കം ചെയ്യുകയും പിന്നീട് ഇവരെ വാൽപ്പാറയ്ക്കടുത്ത് തൈമുടിയിലെ തേയിലത്തോട്ടത്തിന്റെ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിക്കുകയുമായിരുന്നു.
വനാവകാശ നിയമ പ്രകാരം വനത്തിനുള്ളിൽ പരമ്പരാഗത വാസസ്ഥലത്തിന് ബദൽ ഭൂമി എന്ന ആവശ്യത്തിനായി 2020 മാർച്ച് 6ന് നടന്ന ഗ്രാമസഭയിൽ ഈ കുടുംബങ്ങൾ ചേർന്ന് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാൽ പുരയിട പട്ടയത്തിനുള്ള അപേക്ഷ പരിഗണിയ്ക്കാനാവില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ നിരന്തര സമര പോരട്ടങ്ങളുടെ ഫലമായാണ് വനാവകാശ നിയമപ്രകാരം തെപ്പക്കുളംമേട്ടിൽ പുരയിട പട്ടയത്തിന് സ്ഥലം അനുവദിച്ചത്.