കോഴിക്കോട്: കുറച്ച് കാലങ്ങളായി കൈവശംവെച്ചിരുന്ന ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാൻസ്ഥാനം നഷ്ടമായതോടെ ഐ.എൻ.എല്ലിൽതർക്കം തുടങ്ങി. ബോർഡ് കോർപ്പറേഷൻ വിഭജനം പൂർത്തിയായപ്പോൾ ചെയർമാൻസ്ഥാനംപാർട്ടിക്ക് വേണ്ടി തന്നെ നിലനിർത്താൻ നേതൃത്വത്തിന് ആയില്ലെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആക്ഷേപം.
ധനകാര്യ കോർപ്പറേഷനുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാർഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇത്തവണ കോർപ്പറേഷന്റെ ഭരണം ഐ.എൻ.എല്ലിൽ നിന്ന്മാറ്റാൻ കാരണമെന്നാണ് കരുതുന്നത്. പകരം സീതാറാം ടെക്സ്റ്റെയിൽസിന്റെ ചെയർമാൻ സ്ഥാനമാണ് ഐ.എൻ.എല്ലിന് നൽകിയിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ഭരണം ഇത്തവണ കേരള കോൺഗ്രസിനാണ്.
ഇതുവരെ മുസ്ലിം വിഭാഗത്തിന്റെ പ്രാമുഖ്യമുള്ള പാർട്ടികൾക്കായിരുന്നു ഈ കോർപ്പറേഷന്റെ അധ്യക്ഷപദവി നൽകിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇടതുമുന്നണിയിൽ ഐ.എൻ.എല്ലിന് സ്ഥാനം ലഭിച്ചിരുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുസ്ലിം വിദ്യാർഥികൾക്കുള്ള സ്കീമുകളാണ് ന്യൂനപക്ഷ വികസന കോർപ്പറേഷനു കീഴിൽ ഏറെയുമുള്ളത്. അതുകൊണ്ടാണ് അധ്യക്ഷ പദവിയിലേക്ക് മുസ്ലിം പ്രാതിനിധ്യം കൂടുതലുള്ള രാഷ്ട്രീയപ്പാർട്ടികളെ ഇരു മുന്നണികളും പരിഗണിച്ചിരുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിൽ ക്രൈസ്തവ വിഭാഗങ്ങളെ ജനസംഖ്യാനുപാതികമായി പരിഗണിച്ചതിനു പിന്നാലെയാണ് കേരള കോൺഗ്രസിന് ഈ സ്ഥാനം നൽകാൻ തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.
എന്നാൽ പാർട്ടിയിൽ തർക്കമില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു. പരാതി പറഞ്ഞിട്ടുമില്ല. ഈ ആഴ്ച എൽ.ഡി.എഫ് യോഗം ചേരുന്നുണ്ടന്നും അതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെന്നും കാസിം ഇരിക്കൂർ ചൂണ്ടിക്കാട്ടി.
ആറ് ബോർഡ്-കോർപ്പറേഷനുകളുടെ അധ്യക്ഷപദവി കേരള കോൺഗ്രസിന് (എം) നൽകിയേക്കും. ജനതാദൾ എസിന്റെ കൈവശമുണ്ടായിരുന്ന വനംവികസന കോർപ്പറേഷൻ അധ്യക്ഷപദവിയും കേരളകോൺഗ്രസിനു നൽകും. ഇതിൽ ജെ.ഡി.എസിൽ അതൃപ്തിയുണ്ടെങ്കിലും ഉഭയകക്ഷി ചർച്ചകളിലൊന്നും അവർ പരാതി ഉന്നയിച്ചിട്ടില്ല.
ഓട്ടോകാസ്റ്റ്, കിൻഫ്രയ്ക്കു കീഴിലുള്ള ഒരു കോർപ്പറേഷന്റെ അധ്യക്ഷ പദവി എന്നിവയാണ് ജനതാദൾ എസിന് നൽകുക. ഘടകകക്ഷിയാണെങ്കിലും കേരള കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിന് ബോർഡ്-കോർപ്പറേഷൻ അധ്യക്ഷപദവി നൽകില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റും നൽകിയിരുന്നില്ല. എൽ.ജെ.ഡി., എൻ.സി.പി. ജനാധിപത്യ കേരള കോൺഗ്രസ് എന്നീ പാർട്ടികൾക്ക് രണ്ടുവീതം സ്ഥാപനങ്ങളുടെ അധ്യക്ഷപദവി നൽകും. കേരള കോൺഗ്രസ് എസ്. ഐ.എൻ.എൽ., കേരള കോൺഗ്രസ് (ബി) എന്നിവയ്ക്ക് ഓരോ ചെയർമാൻ സ്ഥാനം ലഭിക്കും. 15 സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സി.പി.ഐ.ക്ക് ലഭിക്കും. വ്യവസായം, തൊഴിൽ, സാംസ്കാരികം വകുപ്പുകൾക്ക് കീഴിലാണ് കൂടുതൽ ബോർഡ്, കോർപ്പറേഷനുകളുള്ളത്. ഇതിലേറെയും സി.പി.എമ്മിനു തന്നെയായിരിക്കും.
ഉഭയകക്ഷി ചർച്ചകളിലൂടെയാണ് ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനം പൂർത്തിയാക്കിയിട്ടുള്ളത്. ഇനി ഇത് ഇടതുമുന്നണി യോഗം അംഗീകരിക്കണം.