തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം പരിസരത്ത് മരംമുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. മരംമുറിയെപറ്റി മുഖ്യമന്ത്രിയോ ബന്ധപ്പെട്ട വകുപ്പോ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത് കിട്ടിയപ്പോഴാണെന്ന് മന്ത്രി പ്രതികരിച്ചു.
മുല്ലപ്പെരിയാറും ബേബി ഡാമുമെല്ലാം രാഷ്ട്രീയചർച്ചകൾക്ക് ഇടയായവിഷയങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ഒരു പ്രശ്നത്തിൽ തീരുമെനമെടുക്കുമ്പോൾ ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുത്താൽപ്പോരാ. ഏത് സഹാചര്യത്തിലാണ് മരംമുറിക്കാനുള്ള തീരുമാനമെടുത്തത് എന്നത് സംബന്ധിച്ച് ഇന്ന് 11 മണിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചുമതലയുള്ള ചീഫ് ഫോറസ്റ്റ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട്ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും.
ബേബി ഡാം ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഡാമിന് താഴെയുള്ള 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയതായി കഴിഞ്ഞദിവസം തമിഴ്നാട് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബേബി ഡാം ബലപ്പെടുത്തിയതിനു ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കു.
എന്നാൽ ഇക്കാര്യങ്ങൾ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും ദുരൈ മുരുകൻ പറഞ്ഞു.
അതേസമയം മരംമുറിക്കാൻ അനുമതി നൽകിയതിനു പിന്നിൽ ഹിഡൻ അജണ്ട ഉണ്ടെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഉദ്യോഗസ്ഥതലത്തിൽ മാത്രമെടുക്കുന്ന തീരുമാനമാണ് ഇതെന്ന് കരുതാൻ കഴിയില്ല. ബേബി ഡാമിനു സമീപത്തെ മരംമുറിച്ചാൽ ഡാം ദുർബലമാവുമെന്ന കണ്ടെത്തലുകളുണ്ട്. മരംമുറിക്കണമെന്ന് തമിഴ്നാട് പലതവണ ആവശ്യപ്പെട്ടിട്ടും അത് നടക്കില്ലെന്ന് കേരളം സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞ് അനുമതി നൽകിയ ഉദ്യോഗസ്ഥന് പിന്നിൽ ഹിഡൻ അജണ്ടയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
Content Highlights:Permission to cut down trees for baby dam was given without informing Kerala Govt. says minister