തിരുവനന്തപുരം: മേൽക്കൂരയും ചുമരുകളും തകർന്നുവീഴുമ്പോൾ വീടിനുള്ളിൽപ്പെട്ട അഞ്ചുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരിനഗർ മേലേമങ്കാരത്തുവിള വിജയഭവനിൽ വിനോദിന്റെ മകൻ വൈഷ്ണവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.മൺകട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേൽക്കൂരയുമാണ് തകർന്നുവീണത്
അമ്മ ശകുന്തളയുടെ വീട്ടിലാണ് കൂലിപ്പണിക്കാരനായ വിനോദും ഭാര്യ അനിതയും മക്കളായ വിനയൻ, വിഷ്ണുജിത്ത്, വൈഷ്ണവ് എന്നിവരും താമസിക്കുന്നത്. കാലപ്പഴക്കമേറിയ വീടിന്റെ മൺകട്ടകൊണ്ടുള്ള ചുമരും ഓടുപാകിയ മേൽക്കൂരയുമാണ് തകർന്നുവീണത്. മഴയിൽ കുതിർന്ന അവസ്ഥയിലായിരുന്നു വീട്. അപകടസമയത്ത് വിനോദ് കിണറ്റിൽനിന്നു വെള്ളം കോരുകയായിരുന്നു. അനിത മുൻവശത്തെ മുറിയിലും വിനയനും വിഷ്ണുജിത്തും മുറ്റത്തും വൈഷ്ണവ് അടുക്കളയോടു ചേർന്നുള്ള മുറിയിലുമായിരുന്നു.
അടുക്കളയുടെയും സമീപത്തെ മുറിയുടെയും ചുവർ പെട്ടെന്ന് ഇടിയുകയും വലിയ ശബ്ദത്തോടെ മേൽക്കൂര താഴേക്കു പതിക്കുകയുമായിരുന്നു. വൈഷ്ണവ് നിന്നിരുന്ന മുറിയുടെ ഒരു വശത്തെ ചുമർ മാത്രമാണ് അവശേഷിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ കുട്ടിയെ വിനോദ് ഓടിയെത്തി തടിയും ഓടുമെല്ലാം മാറ്റി പുറത്തെടുക്കുകയായിരുന്നു. അടുക്കളസാധനങ്ങളും വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. വീടിന്റെ ബാക്കിഭാഗവും ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലാണ്.
Content Highlights: five year old boy escaped miraculously from a collapsed house