അബുദാബി
കളി ന്യൂസിലൻഡും അഫ്ഗാനിസ്ഥാനും തമ്മിലാണെങ്കിലും നെഞ്ചിടിപ്പ് ഇന്ത്യക്കാണ്. ന്യൂസിലൻഡ് ജയിച്ചാൽ ഇന്ത്യക്ക് സെമി കാണാതെ മടങ്ങാം. അഫ്ഗാൻ ജയിക്കുകയാണെങ്കിൽ പ്രതീക്ഷ നിലനിർത്താം. തിങ്കളാഴ്ച നടക്കുന്ന അവസാനമത്സരത്തിൽ നമീബിയയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ സെമിയിൽ കടക്കാം.
ഗ്രൂപ്പ് രണ്ട് പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ഇന്ത്യ. ടീമുകൾക്കെല്ലാം ഓരോ കളി ബാക്കി. പാകിസ്ഥാൻ നാലും ജയിച്ച് സെമി ഉറപ്പാക്കി. ന്യൂസിലൻഡ് നാലിൽ മൂന്നെണ്ണത്തിൽ ജയിച്ചു. ഇന്ത്യ നാലിൽ രണ്ട്. അഫ്ഗാനും നാലിൽ രണ്ട്. റൺനിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യക്കാണ്. നമീബിയയും സ്കോട്ലൻഡും പുറത്തായി.
ന്യൂസിലൻഡ് ജയിച്ചാൽ ഇന്ത്യക്ക് നമീബിയയുമായുള്ള മത്സരം അപ്രസക്തമാകും. ജയിച്ചാൽ ന്യൂസിലൻഡിന് എട്ട് പോയിന്റാകും. പാകിസ്ഥാനൊപ്പം സെമിയിലേക്ക് കിവികൾക്ക് മുന്നേറാൻ കഴിയും. ഗ്രൂപ്പിൽ മികച്ച രണ്ടാമത്തെ റൺനിരക്ക് അഫ്ഗാനിസ്ഥാനാണ്. ഇന്ന് മികച്ച വ്യത്യാസത്തിൽ കിവികളെ തോൽപ്പിച്ചാൽ അഫ്ഗാന് സാധ്യത തെളിയും. എങ്കിലും ഇന്ത്യ–-നമീബിയ മത്സരഫലത്തെ ആശ്രയിക്കേണ്ടിവരും. മികച്ച റൺനിരക്കുള്ള ഇന്ത്യക്ക് അഫ്ഗാൻ കിവികളെ വീഴ്ത്തിയാൽ കാര്യങ്ങൾ എളുപ്പമാകും.
സ്പിന്നർമാരിലാണ് അഫ്ഗാന്റെ പ്രതീക്ഷ. ആദ്യമത്സരങ്ങളിൽ സ്കോട്ലൻഡിനെയും നമീബിയയെയും തകർത്ത അഫ്ഗാൻ പാകിസ്ഥാനോട് തോറ്റു. പൊരുതിക്കളിച്ചശേഷമാണ് കീഴടങ്ങിയത്. എന്നാൽ, ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങി.
മറുവശത്ത് ന്യൂസിലൻഡ് പാകിസ്ഥാനോട് തോറ്റെങ്കിലും ആധികാരിക പ്രകടനമാണ് പുറത്തെടുക്കുന്നത്. മികച്ച ബൗളിങ് നിരയാണ്. ട്രെന്റ് ബോൾട്ട്, ടിം സൗത്തി, ആദം മിൽനെ പേസ് ത്രയത്തിനൊപ്പം സ്പിന്നർമാരായ ഇഷ് സോധിയും മിച്ചെൽ സാന്റ്നെറും ചേരുന്നതോടെ ബൗളിങ് നിര സമ്പൂർണം. മാർട്ടിൻ ഗുപ്റ്റിൽ, ഡാരിൽ മിച്ചെൽ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ജിമ്മി നീഷം എന്നിവർ ബാറ്റിങ് നിരയിലുമുണ്ട്. സ്പിന്നർ റഷീദ് ഖാനാണ് അഫ്ഗാന്റെ പ്രധാന ആയുധം. മുഹമ്മദ് നബി, ഹമീദ് ഹസൻ, ഗുൽബദീൻ നയ്ബ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.