തിരുവനന്തപുരം
ബിജെപിയുടെ ഏഴുവർഷത്തെ കേന്ദ്രഭരണത്തിൽ പെട്രോൾ, ഡീസൽ അധിക നികുതിയായി പിരിച്ചത് 15 ലക്ഷം കോടി രൂപ. കോവിഡ് കാലത്തും രണ്ടേകാൽ ലക്ഷം കോടി രൂപ ജനങ്ങളെ പിഴിഞ്ഞു. ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെയുള്ള പ്രതിഷേധം മറയ്ക്കാനാണ് നികുതിയിൽ നാമമാത്ര ഇളവ് വരുത്തിയത്. ചുമത്തിയ അധിക നികുതി കുറച്ചാൽ പെട്രോളും ഡീസലും ലിറ്ററിന് 70 രൂപയിൽ താഴെ നൽകാനാകുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
അസംസ്കൃത എണ്ണയുടെ വിലക്കുറവിൽനിന്ന് ജനത്തിന് ലഭിക്കേണ്ട നേട്ടം നികുതി വർധനയിലൂടെ കേന്ദ്രം കവരുകയാണ്. എണ്ണയുടെ വിലയ്ക്ക് ആനുപാതികമായി നികുതി ക്രമീകരിക്കാൻ തയ്യാറുമല്ല. 2014ൽ ബിജെപി കേന്ദ്രഭരണത്തിൽ എത്തുമ്പോൾ പെട്രോൾ ലിറ്ററിന് 48 രൂപ. ഇപ്പോൾ 103.72 രൂപ. ഡീസൽ ലിറ്ററിന് 35 രൂപ എന്നത് 91.49 രൂപയായി. പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്തിയപ്പോൾ അസംസ്കൃത എണ്ണയുടെ വില കുറയുകയായിരുന്നു. കേന്ദ്രം നികുതി കൂട്ടിയതുമാത്രമാണ് വിലക്കയറ്റത്തിന് കാരണം. സംസ്ഥാന നികുതി ഉയർത്തിയിട്ടുമില്ല. 2014ൽ ലിറ്റർ പെട്രോളിന് 9.48 രൂപയായിരുന്നു കേന്ദ്ര നികുതി. ഇത് 32.98 രൂപയാക്കി ഉയർത്തി. മൂന്നര മടങ്ങ് വർധന. കഴിഞ്ഞ ദിവസം കുറച്ചത് അഞ്ചു രൂപയും. ഡീസലിന് 3.56 രൂപ നികുതി 31.83 രൂപയാക്കി. ഒമ്പത് മടങ്ങ് വർധന. ഇപ്പോഴത്തെ കുറവ് 10 രൂപ. മറ്റൊരു രാജ്യത്തും ഇതുപോലെ നികുതി വർധന ഉണ്ടായിട്ടില്ല.