ന്യൂഡൽഹി
ഉപതെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്ന് ഇന്ധനതീരുവയിൽ കേന്ദ്രം കുറവ് വരുത്തിയെങ്കിലും 2014നെ അപേക്ഷിച്ച് ഡീസലിന്റെ കേന്ദ്ര തീരുവ ഇപ്പോഴും അഞ്ചിരട്ടിയിലേറെ അധികം. പെട്രോളിന്റേതാകട്ടെ ഇരട്ടിയോളം കൂടുതല്‍.
2014ൽ മോദി ആദ്യം അധികാരത്തിലെത്തുമ്പോൾ കേന്ദ്രനികുതി പെട്രോളിന് ലിറ്ററിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും. ഏഴു വർഷത്തിനിടെ കേന്ദ്ര നികുതി പല ഘട്ടമായി വർധിപ്പിച്ച് പെട്രോളിന് 32.9 രൂപയും ഡീസലിന് 31.8 രൂപയുമാക്കി. കോവിഡ് മഹാമാരി രൂക്ഷമായ 2020 മാർച്ച്–- മെയ് കാലയളവിൽമാത്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കേന്ദ്ര നികുതി കൂട്ടി.
കേരളംപോലുള്ള സംസ്ഥാനങ്ങൾ കഴിഞ്ഞ അഞ്ചര വർഷത്തിൽ പെട്രോളിനും ഡീസലിനും ഒരു രൂപപോലും നികുതി കൂട്ടാതിരിക്കെയാണ് കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള. പെട്രോൾ കേന്ദ്ര തീരുവ അഞ്ച് രൂപ കുറച്ചെങ്കിലും 2014 നെ അപേക്ഷിച്ച് ലിറ്ററിന് 18.42 രൂപ ഇപ്പോഴും കൂടുതല്‍. ഡീസൽ തീരുവ 10 രൂപ കുറച്ചെങ്കിലും 2014ലുമായി താരതമ്യം ചെയ്താല്‍ 18.24 രൂപ കൂടുതല്‍.
ഉയർന്ന വില രാജസ്ഥാനിൽ
രാജ്യത്ത് ഇപ്പോഴും ഉയർന്ന പെട്രോൾ–- ഡീസൽ വില കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ. ജയ്പുരിൽ പെട്രോൾ വില 111.10 രൂപയും ഡീസൽ വില 95.71 രൂപയും.
കോൺഗ്രസ് മുന്നണി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില 109.98 രൂപ. ആന്ധ്രയിൽ പെട്രോളിന് 109.05 രൂപയും ഡീസലിന് 95.12 രൂപയും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ പെട്രോൾ വില 107.23 രൂപ.
കേന്ദ്രം നികുതി അൽപ്പം കുറച്ചതിനുപിന്നാലെ 22 സംസ്ഥാനവും കേന്ദ്ര ഭരണപ്രദേശങ്ങളും വാറ്റിൽ കുറവ് വരുത്തി. ഇതിൽ അസം, മേഘാലയ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ കോവിഡ് കാലത്ത് വർധിപ്പിച്ച നികുതിയാണ് വേണ്ടെന്നുവച്ചത്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ്, കേരളം, ഡൽഹി തുടങ്ങി 14 സംസ്ഥാനം വാറ്റ് കുറച്ചില്ല.
രാജസ്ഥാനില്‍ കുറയ്ക്കില്ല; കേരളം
കുറയ്ക്കണമെന്ന് കോണ്‍ഗ്രസ്
കോൺഗ്രസ് ഭരണ സംസ്ഥാനങ്ങളൊന്നും പെട്രോൾ–- ഡീസൽ വാറ്റ് കുറച്ചില്ലെങ്കിലും കേരളം ഇനിയും കുറയ്ക്കണമെന്ന വിചിത്ര ആവശ്യവുമായി കോൺഗ്രസ് ദേശീയ നേതൃത്വം. കേരളം ഇന്ധന വാറ്റ് കുറയ്ക്കണമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് സംസ്ഥാനങ്ങൾ എന്തുകൊണ്ടാണ് കുറയ്ക്കാത്തതെന്ന ചോദ്യത്തിന് അതിനാവശ്യമായ നിർദേശം എഐസിസി നൽകിയെന്നും പ്രതികരിച്ചു.
പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അവിടെ മുമ്പുതന്നെ ഉയർന്ന നികുതിയാണെന്നായി മറുപടി.
കേന്ദ്രത്തിനെതിരായ സമരം തുടരും. വാറ്റ് കുറയ്ക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ മോദി സർക്കാരിന് ധാർമിക അവകാശമില്ല–- വേണുഗോപാൽ പറഞ്ഞു.