കൊച്ചി
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസ് ഒത്തുതീർക്കാൻ നെട്ടോട്ടമോടി നാണംകെട്ട് കോൺഗ്രസ് നേതൃത്വം. തനിക്കെതിരെ കോൺഗ്രസ് നൽകിയ കേസുകൾ പിൻവലിച്ചാലും പരസ്യമായി ഖേദപ്രകടനം നടത്താതെ പ്രശ്നം തീരില്ലെന്ന നിലപാടിൽ ജോജു ഉറച്ചുനിന്നതാണ് നേതാക്കളെ പ്രതിസന്ധിയിലാക്കിയത്. ജോജുവിനെതിരെ ഉന്നയിച്ച തെറ്റായ ആരോപണങ്ങളിൽ ഖേദം പ്രകടിപ്പിക്കാതെ, അച്ചടിഭാഷയിൽ പ്രസ്താവന നടത്തി ചുളുവിൽ തലയൂരാനായിരുന്നു കോൺഗ്രസ് നേതാക്കളുടെ ശ്രമം.
ജോജുവിനെ നിയമപരമായി നേരിടുമെന്നും വേണ്ടിവന്നാൽ ജയിലിൽ പോകുമെന്നുമൊക്കെയാണ് തുടക്കത്തിൽ ഡിസിസി നേതൃത്വം പറഞ്ഞത്. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും സ്ത്രീകളെ അപമാനിച്ചെന്നുമുള്ള ആരോപണത്തിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻമുതൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസുവരെയുള്ളവർ ഇങ്ങനെ പറഞ്ഞത്. ജോജുവിന്റെ മറ്റൊരു കാറിന്റെ രജിസ്ട്രേഷൻ ഹരിയാനയിലാണെന്നും അതിസുരക്ഷാ നമ്പർപ്ലേറ്റ് മാറ്റിയെന്നും പറഞ്ഞ് മറ്റുചില കേസുകളും കോൺഗ്രസ് ഇതിനിടെ നൽകി. ഉപരോധസമരത്തിനിടെ പ്രതിഷേധിച്ചപ്പോൾ ജോജു മാസ്ക് വച്ചില്ലെന്ന മറ്റൊരു പരാതിയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് നൽകി സമ്മർദത്തിലാക്കലായിരുന്നു ലക്ഷ്യം. എന്നാൽ ജോജു നൽകിയ പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ ഗൗരവം തിരിച്ചറിഞ്ഞതോടെ കോൺഗ്രസ് നേതൃത്വം ചുവടുമാറ്റി. ജോജുവിന്റെ അഭിഭാഷകനുമായും സുഹൃത്തുക്കളുമായി ഒത്തുതീർപ്പിന് ഡിസിസി മുന്നിട്ടിറങ്ങി. പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നു മുൻകൈയെടുത്തത്.
കേസുകൾ പിൻവലിച്ച്, സംഭവിച്ച കാര്യങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നുമാത്രമാണ് സുഹൃത്തുക്കളും അഭിഭാഷകനും വഴി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചത്. എന്നാൽ തെറ്റ് ഞങ്ങൾക്ക് ബോധ്യപ്പെട്ടെന്നുള്ള ഒഴുക്കൻ പ്രതികരണം മാത്രമാണ് ഡിസിസി പ്രസിഡന്റിൽനിന്നുണ്ടായത്. അതേത്തുടർന്നാണ് അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ കോടതിയിലെത്തിയപ്പോൾ കക്ഷിചേരാൻ ജോജു തീരുമാനിച്ചത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗം തെറ്റായ കാര്യങ്ങൾ ഉന്നയിച്ചേക്കാമെന്ന നിഗമനത്തിലായിരുന്നു അപേക്ഷ. റിമാൻഡിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളിയതോടെ ഒത്തുതീർപ്പിനുള്ള സാധ്യത മങ്ങി. മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ഒന്നാംപ്രതി ടോണി ചമ്മണി ആക്രമണസംഭവത്തിനുശേഷം വീട്ടിലെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കലൂരിലെ വീട് രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്. മൊബൈൽഫോണും സ്വിച്ച് ഓഫാണ്. ഒത്തുതീർപ്പ് സാധ്യതയില്ലാതായതോടെ ടോണി ചമ്മണി ഉൾപ്പെടെയുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
ആദ്യം മാപ്പുപറയേണ്ടത് ജോജു;
ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നു: ഡിസിസി
ദേശീയപാത ഉപരോധത്തെ തുടർന്നുണ്ടായ സംഭവങ്ങളിൽ നടൻ ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അതിനുശേഷം തങ്ങൾ നടത്തിയ പ്രസ്താവന പിൻവലിക്കുന്നത് ആലോചിക്കാമെന്നും ജില്ലാ നേതൃയോഗത്തിനുശേഷം മുഹമ്മദ് ഷിയാസ് പറഞ്ഞു. കാർ അടിച്ചുതകർത്ത സംഭവത്തിൽ ജോജു നൽകിയ കേസിൽ കോൺഗ്രസ് നടത്തിയ ഒത്തുതീർപ്പുനീക്കങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നേതൃയോഗം ചേർന്നത്.
ജോജുവിന്റെ തെറി അഭിഷേകം ചാനൽ ക്യാമറകളിലുണ്ടെന്ന് ഷിയാസ് പറഞ്ഞു. ജോജു പറഞ്ഞതെല്ലാം പച്ചക്കളവും ആഭാസവുമാണ്. സ്ത്രീകളോട് അസഭ്യം പറഞ്ഞുവെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നു. നേതാക്കൾക്ക് എതിരായ കേസുകളിലെ തുടർനടപടി പാർടി നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കും. കേസ് എടുത്തില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിനെതിരെ ഹർജി
റോഡിൽ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന പ്രകടനവും ധർണയും പൊതുയോഗങ്ങളും ഉത്സവാഘോഷങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വൈറ്റില ദേശീയപാതയിൽ കഴിഞ്ഞദിവസം കോൺഗ്രസ് നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലാണിത്.
നടൻ ജോജു ജോർജ് പ്രതിഷേധിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറയുന്നു. പൊതുനിരത്തിലെ പ്രതിഷേധംമൂലം അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും പൗരൻമാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി കെ ഒ ജോണിയാണ് കോടതിയെ സമീപിച്ചത്. സർക്കാരും പൊലീസ് മേധാവിയും രാഷ്ടീയപാർടികളും എതിർകക്ഷികളായാണ് കേസ്. തടസ്സമുണ്ടാക്കിയുള്ള പ്രതിഷേധങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി അടുത്തയാഴ്ച പരിഗണിക്കും.