തിരുവനന്തപുരം
ചുമട്ടുതൊഴിലിന്റെ മാന്യത സംരക്ഷിക്കണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തൊഴിലാളി തെറ്റുചെയ്താൽ തൊഴിലാളികളെയാകെ അടച്ചാക്ഷേപിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ചുമട്ടുതൊഴിലാളികളെ അധിക്ഷേപിക്കുന്ന പ്രവണത തിരുത്തണം. നോക്കുകൂലിപോലെ സമൂഹം അംഗീകരിക്കാത്ത പ്രവണത ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയനുകളും ശ്രദ്ധിക്കണം.
കയറ്റിറക്ക് തൊഴിലാളികൾക്ക് ഒരു കേന്ദ്രനിയമത്തിന്റെയും പരിരക്ഷ ഉണ്ടായിട്ടില്ല. 1978ൽ കേരളം പാസാക്കിയ നിയമമാണ് ആകെ ആശ്വാസമായുള്ളത്. എൽഡിഎഫ് സർക്കാർ ചുമട്ടുതൊഴിലാളികൾക്ക് മതിയായ സംരക്ഷണവും പരിഗണനയും നൽകുന്നുണ്ട്. മെച്ചപ്പെട്ട കൂലിവ്യവസ്ഥയും ക്ഷേമ ആനുകൂല്യങ്ങളും കേരളത്തിൽ ട്രേഡ് യൂണിയനുകൾ നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ബി ടി ആർ ഭവനിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാജഗോപാൽ അധ്യക്ഷനായി. ചുമട്ടുതൊഴിലാളികളുടെ തൊഴിലിന് നിയമസംരക്ഷണം വേണമെന്ന് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ. സ്കറിയ പ്രമേയം അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.