കൊച്ചി
ദേശീയപാത ഉപരോധിച്ച് നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വൈറ്റിലയിലെ കോൺഗ്രസ് പ്രവർത്തകൻ പി ജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയത്. സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നതിനെതിരായ നിയമത്തിലെ വ്യവസ്ഥകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ എട്ട് പ്രതികളാണുള്ളത്.
കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ജോജു ജോർജിന്റെ കാറിനുനേരെ ഉണ്ടായതെന്നും പ്രതിഷേധിക്കുന്നവർക്കെതിരെ ആക്രമണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജാമ്യാപേക്ഷ തള്ളി കോടതി അഭിപ്രായപ്പെട്ടു. കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലായതിനാലും ജാമ്യം നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. നാലായിരത്തോളം കോൺഗ്രസ് പ്രവർത്തകരാണ് ഉപരോധത്തിൽ പങ്കെടുത്തതെന്നും അതിനിടെയുണ്ടായ ഒറ്റപ്പെട്ട സംഭവമാണ് കാർ ആക്രമണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, 1000 പേർപോലും ഉപരോധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് ജോജുവിന്റെ അഭിഭാഷകൻ രഞ്ജിത് മാരാർ പറഞ്ഞു. ഉപരോധം കഴിഞ്ഞശേഷം മറ്റു വാഹനങ്ങൾക്കൊപ്പം ജോജുവിന്റെ വാഹനവും പോകുമ്പോഴാണ് തടഞ്ഞിട്ട് ആക്രമിച്ചത്. ആക്രമണം ആസൂത്രിതമായിരുന്നെന്നും രഞ്ജിത് മാരാർ ബോധിപ്പിച്ചു. പ്രതിയുടെ ജാമ്യാപേക്ഷയ്ക്കൊപ്പം തന്റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് നടൻ ജോജു ജോർജ് ഹർജി നൽകിയിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു.